Currency

സഞ്ചാരം എളുപ്പമാക്കാന്‍ പുതിയ ഓഡിയോ ഗൈഡുകളുമായി ദുബായ് ടൂറിസം

സ്വന്തം ലേഖകന്‍Friday, February 2, 2018 8:12 am

ദുബായ്: നഗരത്തിന്റെ ചരിത്ര വീഥികളിലും പ്രധാന പ്രദേശങ്ങളിലും സഞ്ചരിക്കുമ്പോള്‍ അതിന്റെ വിശേഷങ്ങളും കഥകളുമറിയാന്‍ ഓഡിയോ ഗൈഡുകളുമായി ദുബായ് ടൂറിസം. മെട്രോ മൊമെന്റ്‌സ്, അല്‍ ഫഹീദി ആര്‍ക്കിടെക്ചര്‍ ടൂര്‍ എന്നിങ്ങനെയാണ് രണ്ട് ഓഡിയോ ഗൈഡുകള്‍. സൗജന്യമായി ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേയില്‍ നിന്നും ഈ ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

ജി.പി.എസ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ഉപയോക്താവ് നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ച് അവിടെ നിന്നുള്ള വിവരങ്ങള്‍ വിശദീകരിച്ചു നല്‍കുകയാണ് ഗൈഡിന്റെ രീതി. ദുബായ് വിമാനത്താവളം മുതല്‍ ദുബായ് മാള്‍ വരെ മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്ത യാത്രകളെക്കുറിച്ച് വിവരങ്ങളും അടുത്തുള്ള സ്‌റ്റേഷനുകളില്‍ നിന്നുള്ള വഴികളുമാണ് ഒരു ആപ്പില്‍ ലഭിക്കുക. ചരിത്ര പ്രാധാന്യം ഏറെയുള്ള അല്‍ ഫഹീദി മേഖലയുടെ വിവരങ്ങളാണ് മറ്റൊരു ആപ്പില്‍. ഇംഗ്ലീഷിനു പുറമെ ചൈനീസ്, ജര്‍മന്‍ ഭാഷകളില്‍ വിവരണം ലഭിക്കും.

ഓഡിയോ വിവരണം കാഴ്ച തടസമുള്ള ആളുകള്‍ക്കും ദുബായ് യാത്ര സുഗമമാക്കും. എല്ലാവര്‍ക്കും അനുയോജ്യവും സ്വീകാര്യവുമായ നഗരമാക്കി മാറ്റുക എന്ന ശ്രമവും ഈ ഉദ്യമത്തിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x