
ദുബായ്: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുബായ് സര്‍ക്കാര്‍ 1.5 ശതകോടി ദിര്‍ഹമിന്റെ ആശ്വാസപദ്ധതി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍മഖ്തൂമാണ് അടുത്ത മൂന്ന് മാസത്തേക്കുള്ള ആശ്വാസപദ്ധതി പ്രഖ്യാപിച്ചത്.
വാണിജ്യം, റീട്ടെയില്‍, കയറ്റുമതി, ടൂറിസം, ഊര്‍ജം എന്നീ മേഖലകള്‍ക്ക് ആശ്വാസം പകരുന്ന 15 ഇളവുകള്‍ ഉള്‍കൊള്ളുന്നതാണ് പദ്ധതി. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ദുബായ് നിവാസികള്‍ക്ക് വൈദ്യുതി, വെള്ളം ചാര്‍ജില്‍ അടുത്ത മൂന്ന് മാസത്തേക്ക് 10 ശതമാനം ഇളവ് നല്‍കും. പുതിയ കണക്ഷനായി കെട്ടിവെക്കേണ്ട തുകയില്‍ 50 ശതമാനം ഇളവ് നല്‍കും. വാണിജ്യമേഖലക്ക് ഒമ്പത് ഇളവുകളുണ്ട്. മാര്‍ക്കറ്റ് ഫീസില്‍ രണ്ടര ശതമാനം ഇളവ്, കസ്റ്റംസ് ഫീസില്‍ 20 ശതമാനം ഇളവ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
കസ്റ്റംസ് ക്ലിയറന്‍സ് സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ 50,000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്നത് റദ്ദാക്കും. നിലവിലെ സ്ഥാപനങ്ങള്‍ക്ക് ഈ തുക തിരിച്ചുനല്‍കും. കസ്റ്റംസ് രേഖകള്‍ നല്‍കുന്നതിന് ഈടാക്കുന്ന ഫീസ് 90 ശതമാനം കുറക്കും. ടൂറിസമേഖലയില്‍ ഹോട്ടലുകളും മറ്റും നഗരസഭക്ക് നല്‍കേണ്ട സെയില്‍സ് ഫീസ് ഏഴ് ശതമാനത്തില്‍ നിന്ന് മൂന്നര ശതമാനമാക്കി കുറക്കും.
പരിപാടികള്‍ റദ്ദാക്കുന്നതിനും മാറ്റിവെക്കുന്നതിനും ഈടാക്കുന്ന തുക ഈവര്‍ഷം ഉണ്ടാവില്ല. ടിക്കറ്റ് വില്‍പനക്ക് ഈടാക്കുന്ന തുകയും പരിപാടികളുടെ അനുമതിക്കായി ഈടാക്കുന്ന ഫീസും സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.