
ദുബായ്: വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന്‍ പി.ആര്.ഒ കാര്‍ഡ് വേണമെന്ന നിബന്ധന ദുബായ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. പബ്ലിക് റിലേഷന്‍ ഓഫിസറുടെ സഹായമില്ലാതെ ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ ടൂറിസം വകുപ്പ് സൗകര്യമൊരുക്കും.
വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇടപാടുകള്‍ക്ക് പി.ആര്.ഒ കാര്‍ഡ് നേടിയവര്‍ വേണമെന്ന നിബന്ധന ദുബായ് വിനോദസഞ്ചാര വകുപ്പ് ഒഴിവാക്കിയത്. ഹോട്ടലുകള്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ എന്നിവക്ക് ഈ ഇളവ് ലഭ്യമായിരിക്കും.
2012 മുതല്‍ ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി ഇടപാട് നടത്താനും അനുമതികള്‍ നേടാനും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. അവരുടെ പേര് രജിസ്റ്റര്‍ ചെയ്ത് പി.ആര്.ഒ കാര്‍ഡ് ലഭ്യമാക്കണമായിരുന്നു. വര്‍ഷം ആയിരം ദിര്‍ഹം ഒരു പി.ആര്.ഒ കാര്‍ഡിന് ഫീസും ഈടാക്കിയിരുന്നു. പുതുക്കാന്‍ വൈകിയാല്‍ പിഴയും ലഭിക്കും. ഇനി മുതല്‍ പി.ആര്.ഒ ഇല്ലാതെ തന്നെ സര്‍ക്കാര്‍ അനുമതികളും ലൈസന്‍സുകളും കമ്പനികളും ദുബായ് ടൂറിസത്തിന്റെ പോര്‍ട്ടല്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.