Currency

പുതിയ മൂന്ന് വമ്പന്‍ വികസനപദ്ധതികളുമായി ഷാര്‍ജ; പങ്കാളികളായി മലയാളി വ്യവസായികളും

സ്വന്തം ലേഖകന്‍Wednesday, January 17, 2018 3:12 pm

 

ഷാര്‍ജ: പാര്‍പ്പിട-ചെറുകിട മേഖലകളില്‍ പുത്തന്‍ സാധ്യതകളുമായി ഷാര്‍ജയില്‍ മൂന്നു വന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പ്രഖ്യാപിച്ചു. 270 കോടി ദിര്‍ഹത്തിന്റെ മൂന്നുപദ്ധതികളാണ് ചൊവ്വാഴ്ച അനാവരണം ചെയ്തത്. സുപ്രീം കൗണ്‍സില്‍ അംഗവും, ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പദ്ധതികള്‍ അനാവരണം ചെയ്തത്. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയും (ശുറൂഖ്), ഈഗിള്‍ ഹില്‍സ് എന്ന അബുദാബി ആസ്ഥാനമായുള്ള സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയും ചേര്‍ന്നാണ് പദ്ധതികള്‍ നിര്‍മിക്കുന്നത്. മറിയം ഐലന്‍ഡ്, കല്‍ബ വാട്ടര്‍ ഫ്രന്റ്, പാലസ് അല്‍ ഖാന്‍ എന്നിങ്ങനെ ഷാര്‍ജയുടെ നിക്ഷേപ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ഷാര്‍ജയിലുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തര ഷോപ്പിംഗ്, താമസ സൗകര്യങ്ങള്‍ ഒരുക്കുകയും ലക്ഷ്യം വെയ്ക്കുന്നതാണ് പദ്ധതികള്‍. മറിയം ഐലന്‍ഡ് ആണ് പുതിയ പദ്ധതികളില്‍ ഏറ്റവും ചിലവേറിയത്. 2.5 ബില്യണ്‍ ദിര്‍ഹം ചിലവ് വരുന്ന പദ്ധതി അല്‍ ഖാന്‍ ലഗൂണ്‍ അല്‍ മംസാര്‍ പ്രദേശത്താണ് ഒരുങ്ങുന്നത്. 1890 ആഡംബര വില്ലകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, നൂറു കണക്കിന് റസ്റ്ററന്റുകള്‍, കോഫീ ഷോപ്പുകള്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് തുടങ്ങി നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് ഇതിന്റെ നിര്‍മ്മാണം. അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകും.

കല്‍ബ വാട്ടര്‍ഫ്രന്റ്16 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന റീട്ടെയ്ല്‍ പദ്ധതിയാണിത്. കല്‍ബ ഇക്കോ ടൂറിസം പദ്ധതിയോടുചേര്‍ന്നാണ് കല്‍ബ വാട്ടര്‍ ഫ്രന്റ് ഒരുങ്ങുന്നത്. പ്രകൃതിമനോഹരമായ പദ്ധതി 17000 ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം 86 റീട്ടെയ്ല്‍ ഔട്ട് ലെറ്റുകള്‍, റസ്റ്റൊറന്റുകള്‍, വിനോദകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.

പാലസ് അല്‍ ഖാന്‍ എമിറേറ്റിലെ ആദ്യ ആഡംബര വാട്ടര്‍ ഫ്രന്റ് റിസോര്‍ട്ടാണിത്. 12 കോടി ദിര്‍ഹമാണ് പദ്ധതിയുടെ ചെലവ്. പ്രദേശത്തെ ആദ്യത്തെ ലക്ഷുറി വാട്ടര്‍ ഫ്രന്റ് റിസോര്‍ടാണ്. പുതിയ നിര്‍മ്മാണ മാതൃകകളിലൂടെ വേറിട്ട സഞ്ചാര താമസ അനുഭവങ്ങളാവും പാലസ് അല്‍ ഖാന്‍ പകരുക. 2020 പകുതിയോടെ പാലസ് അല്‍ ഖാനിന്റെ നിര്‍മാണം തീരുമെന്നാണ് കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x