Currency

വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിയമനം; കുവൈത്തില്‍ മുഖ്യ പരിഗണന സ്വദേശികള്‍ക്ക്

സ്വന്തം ലേഖകന്‍Monday, March 27, 2017 3:34 pm

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ കുവൈത്തില്‍ മുഖ്യ പരിഗണന സ്വദേശികള്‍ക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പിലാക്കിയതുപോലെ തന്നെ വിദ്യാഭ്യാസ മന്ത്രാലയവും സ്വദേശി വല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

അതേസമയം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക- അധ്യാപകേതര ഒഴിവുകളിലേക്ക് സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ പദ്ധതി തയാറാണെങ്കിലും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യത്തിന് ലഭ്യമാവുന്നില്ലെന്നും ഡോ. മുഹമ്മദ് അല്‍ ഫാരിസ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ വിദേശികളെ ആശ്രയിക്കാതെ നിലവില്‍ മറ്റ് മാര്‍ഗമില്ല. മന്ത്രാലയത്തില്‍ ഒറ്റയടിക്ക് സ്വദേശിവത്കരണം ഏര്‍പ്പെടുത്തുക പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.

സ്‌പെഷല്‍ കാറ്റഗറികളിലേക്കുള്ള അധ്യാപകരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നത് തുടരും. അടുത്ത അധ്യയന വര്‍ഷത്തെ അധ്യാപക ഒഴിവുകള്‍ നികത്താനായി ഈജിപ്ത്, ജോര്‍ഡന്‍, പാലസ്തീന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ജീവനക്കാരെ എത്തിക്കുന്നതിന് ഈ രാജ്യങ്ങളുമായി ധാരണയിലെത്തിയതായും മന്ത്രി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x