Currency

എമിറേറ്റ്സ് ഗ്രൂപ്പ് യുഎഇയിലെ ബിരുദദാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട തൊഴിൽദാതാവ്

സ്വന്തം ലേഖകൻTuesday, September 27, 2016 6:40 pm

ഗൾഫ്ടാലന്റ് നടത്തിയ സർവ്വേ അനുസരിച്ച് നിർമ്മാണ, സാമ്പത്തിക മേഖലകളിലാണ് ഭൂരിപക്ഷം ബിരുദധാരികളും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നത്.

ഷാർജ: യുഎഇയിലെ ബിരുദധാരികളായ യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട തൊഴിൽദാതാവ് എമിറേറ്റ്സ് ഗ്രൂപ്പെന്ന് സർവ്വേഫലം. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിനു പിന്നിൽ അന്താരാഷ്ട്ര കമ്പനിയായ യൂണിലിവറിൽ ആണ് യുഎഇയിലെ യുവാക്കൾ കൂടുതലായും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നത്. ചൽഹൗദ് ഗ്രൂപ്പ്, ജനറൽ ഇലക്ട്രിക്, നെസ്ലേ, അഡ്നോക്, പെട്രൊഫാക്, പിഡബ്ലിയുസി, പ്രൊക്റ്റർ ആൻഡ് ഗാംബ്ലർ, എതിഹാദ് എന്നീ കമ്പനികൾ യഥാക്രമം മൂന്ന് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.

ഗൾഫ്ടാലന്റ് നടത്തിയ സർവ്വേ അനുസരിച്ച് നിർമ്മാണ, സാമ്പത്തിക മേഖലകളിലാണ് ഭൂരിപക്ഷം ബിരുദധാരികളും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നത്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ അവസാനവർഷ ബിരുദവിദ്യാർത്ഥികളിലും കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയവരിലും നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. വിദേശികൾക്കൊപ്പം സ്വദേശികളും കൂടുതലായി പഠിക്കുന്ന കോളേജാണിത്.

വിദേശവംശജരായ ബിരുദധാരികളിൽ 92 ശതമാനവും മൾട്ടിനാഷണൽ കമ്പനികളിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ സ്വദേശികളായ ബിരുദധാരികളിൽ 63 ശതമാനവും സർക്കാറിനു കീഴിൽ തൊഴിലെടുക്കാൻ ആഗ്രഹിക്കുന്നവർ ആണ്. അതേസമയം പ്രതീക്ഷിക്കുന്ന ശമ്പളത്തിന്റെ കാര്യത്തിൽ സ്വദേശികളും വിദേശികളും തമ്മിൽ വലിയ അന്തരമുണ്ട്. വിദേശികൾ Dh9,000 ശരാശരി ശമ്പളം ആഗ്രഹിക്കുമ്പോൾ Dh27,000 എങ്കിലും വേണം ശമ്പളമെന്നാണ് സ്വദേശികൾ പറയുന്നത്. ഇരുകൂട്ടരും പ്രാദേശിക സ്വകാര്യ കമ്പനികൾക്ക് ഏറ്റവും അവസാന പരിഗണന മാത്രമാണ് നൽകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x