
ഷാര്‍ജ: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നൂതനമായ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു. ഷാര്‍ജ അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന നാലുവിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പുതിയ സ്മാര്‍ട്ട് സംവിധാനം കണ്ടുപിടിച്ചത്. ശാസ്ത്രലോകത്തിന് പുത്തന്‍നേട്ടമായേക്കാവുന്ന ‘സ്മാര്‍ട്ട് സിസ്റ്റ’മാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. റോഡപകടങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി മുന്നറിയിപ്പ് നല്‍കുകയാണ് സ്മാര്‍ട്ട് സിസ്റ്റം ചെയ്യുന്നത്.
അമേരിക്കന്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ സൗദ് അല്‍ ഖാസിമി, അബ്ദുല്ല അല്‍ നൊമാന്‍, അബ്ദുല്ല അഹിലി, മുഹമ്മദ് അല്‍ മാറാഷദ എന്നീ വിദ്യാര്‍ഥികളാണ് സ്മാര്‍ട്ട് സിസ്റ്റം നിര്‍മിച്ചത്. വകുപ്പുമേധാവി ഡോ. ഫാദി അഹമ്മദ് അലൗല്‍, അസോസിയേറ്റ് ഫ്രൊഫ. ഡോ. ഇമ്രാന്‍ സൗല്‍ കെര്‍ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാര്‍ഥികള്‍ പഠനം നടത്തി സ്മാര്‍ട്ട് സിസ്റ്റം വികസിപ്പിച്ചെടുത്തത്.
നിശ്ചിത അകലത്തിലുള്ള മറ്റ് വാഹനങ്ങളുടെ അതിവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, അനാവശ്യമായ ബ്രേക്കിടല്‍, ട്രാക്ക് മാറ്റം, ഒരു വാഹനത്തെ പിന്തുടര്‍ന്ന് ഓടുന്ന മറ്റ് വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ അപകടസാധ്യതയുള്ള കാര്യങ്ങള്‍ സ്മാര്‍ട്ട് സിസ്റ്റം കൃത്യമായി പിടിച്ചെടുക്കുകയും സ്മാര്‍ട്ട് സിസ്റ്റം ഘടിപ്പിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് യന്ത്രം നല്‍കുകയും ചെയ്യും. ഡ്രൈവര്‍മാര്‍ക്ക് സമീപത്തായി വാഹനങ്ങളുടെ ഡാഷ് ബോര്‍ഡിലായിരിക്കും പുതിയ സ്മാര്‍ട്ട് സിസ്റ്റം സ്ഥാപിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.