Currency

പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കുമെന്ന് ഷെയ്ഖ് മുഹമ്മദ്

സ്വന്തം ലേഖകന്‍Thursday, January 10, 2019 2:52 pm

ദുബായ്: യുഎഇയില്‍ കഴിഞ്ഞവര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം അത് ഇരട്ടിയാക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്. 2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.

കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി 7,000 വീടുകള്‍ നിര്‍മ്മിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആയിരം കോടി ദിര്‍ഹത്തിന്റെ സാമൂഹിക സഹായ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കി. ഈ വര്‍ഷവും സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടാകും. കുടുംബങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക നയങ്ങള്‍ രൂപീകരിച്ചു. ഇതേ നയങ്ങള്‍ പിന്‍തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. രാഷ്ട്രസേവനത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഷെയ്ഖ് മുഹമ്മദിനെ യുഎഇ ക്യാബിനറ്റ് അനുമോദിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x