വിക്ടോറിയ: കൊവിഡ് രണ്ടാം ബാധ നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍, വിക്ടോറിയയില്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മെല്‍ബണിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച സര്‍ക്കാര്‍, ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതായി പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു. ഒക്ടോബര്‍ 11 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ മാസ്ക് ധരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാസ്കോ മറ്റേതെങ്കിലും തരത്തിലുള്ള മുഖാവരണമോ ഉണ്ടാകണം എന്നായിരുന്നു ഇതുവരെയുള്ള നിയമം. എന്നാല്‍ ഒക്ടോബര്‍ 11 അര്‍ദ്ധരാത്രി മുതല്‍ മറ്റു മുഖാവരണങ്ങള്‍ അനുവദിക്കില്ല.
സ്കാര്‍ഫ് കൊണ്ടോ, തൂവാല കൊണ്ടോ, ഫേസ് ഷീല്‍ഡ് കൊണ്ടോ മുഖം മറയ്ക്കുന്നത് അനുവദനീയമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം മുഖാവരണങ്ങള്‍ മാത്രമായി അനുവദിക്കില്ല. ”ഫേസ് ഷീല്‍ഡ് പോലുള്ളവ വേണമെങ്കില്‍ ധരിക്കാം, പക്ഷേ അതു മാത്രം മതിയാകില്ല. അതിനൊപ്പം മാസ്കും ധരിക്കേണ്ടിവരും.” പ്രീമിയര്‍ വ്യക്തമാക്കി.
ശരിയായ രീതിയില്‍ മുഖാവരണം ധരിക്കാത്തവര്‍ക്ക് 200 ഡോളര്‍ പിഴശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്കാര്‍ഫ് കൊണ്ടോ, ഷാള്‍ കൊണ്ടോ മുഖം മറയ്ക്കുന്നവര്‍ക്ക് ഇതുവരെ പിഴ ലഭിക്കില്ലായിരുന്നു. എന്നാല്‍ ഇനി മുതല്‍ ശരിയായ മാസ്ക് തന്നെ ധരിക്കണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.