
ഓസ്‌ട്രേലിയ: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയക്കാരുടെ വിദേശയാത്രകള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നിര്‍ദ്ദേശിച്ചു. രാജ്യത്തെ കൊറോണ വൈറസ് ബാധകൂടുതല്‍ രൂക്ഷമായ സ്ഥിതിയിലേക്ക് മാറുന്നതിനിടെയാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായി ആഗോള യാത്രാ നിരോധനം പ്രഖ്യാപിച്ചു. ലെവല്‍ 4 എന്ന തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരിലൂടെയാണ് രാജ്യത്ത് ഏറ്റവുമധികം കൊറോണവൈറസ് പടരുന്നതെന്നും ഇതു തടയുന്നതിനു വേണ്ടിയാണ് നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഒത്തുചേരുന്നതിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുറികള്‍ക്കോ ഹാളുകള്‍ക്കോ ഉള്ളില്‍ അവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ 100 പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ പാടില്ല. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇത് പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ 500 പേരില്‍ കൂടുതലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കണം.
രാജ്യത്ത് സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.