Currency

ദുബായില്‍ ആരോഗ്യഇന്‍ഷൂറന്‍സ് എടുക്കാനുള്ള ഇളവ് ഉടന്‍ പിന്‍വലിക്കും

സ്വന്തം ലേഖകന്‍Tuesday, January 17, 2017 11:27 am

ദുബായ്: നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാന്‍ അനുവദിച്ച സമയപരിധിയിലെ അവസാനഘട്ട ഇളവ് ഉടന്‍ പിന്‍വലിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഏതാനും ദിവസങ്ങള്‍ക്കകം ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ ഇടാക്കി തുടങ്ങും. നേരത്തെ 2016 ഡിസംബര്‍ 31 വരെയാണ് എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉറപ്പാക്കാന്‍ ദുബായ ഹെല്‍ത്ത് അതോറിറ്റി സമയപരിധി നിശ്ചയിച്ചത്. എന്നാല്‍, ഇന്‍ഷൂറന്‍സ് കമ്പനികളിലെ തിരക്ക് പരിഗണിച്ച് കാലപരിധിയില്‍ അവസാനഘട്ട ഇളവ് അനുവദിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പോളിസി എടുക്കാന്‍ പുതവര്‍ഷത്തിലെ ശമ്പളം ലഭിക്കേണ്ടതുണ്ടെന്ന അഭ്യര്‍ത്ഥനയും അതോറിറ്റിക്ക് മുന്നിലെത്തിയിരുന്നു.

ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാന്‍ അനുവദിച്ച സമയപരിധി നീട്ടിയിരുന്നെങ്കിലും എത്രകാലത്തേക്കാണ് നീട്ടിയതെന്ന് വ്യക്തമാക്കിയിരുന്നില്ല. അവസാനഘട്ട ഇളവ് ദിവസങ്ങള്‍ക്കകം അവസാനിക്കുമെന്ന് ഹെല്‍ത്ത് ഫണ്ടിങ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് പറഞ്ഞു. ഇനി രണ്ടുശതമാനം ദുബായ് നിവാസികള്‍ മാത്രമാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കാന്‍ ബാക്കിയുള്ളത്. ഉടന്‍ പോളിസി എടുത്തില്ലെങ്കില്‍ ഇവര്‍ പിഴ നല്‍കേണ്ടി വരും. ഇന്‍ഷൂറന്‍സില്ലാത്തവരുടെ വിസ പുതുക്കാനും അനുവദിക്കില്ല. വിസ ഇല്ലാത്ത ഓരോരുത്തര്‍ക്കും മാസം 500 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x