
ഷാര്‍ജ: യു.എ.ഇയില്‍ മൂടല്‍മഞ്ഞ് ശക്തം. പുലര്‍ച്ചെ കാഴ്ച പരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെ ആറ് മുതല്‍ പത്ത് വരെ ദൃശ്യപരിധി 200 മീറ്റര്‍ വരെ കുറയുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വാഹനാനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചപരിധി കുറഞ്ഞതിനാല്‍ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല. ഗന്തൂത്തിന് സമീപം ശൈഖ് മക്തൂം ബിന്‍ റാശിദ് റോഡില്‍ മൂന്നോളം വാഹനാപകടങ്ങളുണ്ടായി.
കനത്ത മൂടല്‍ മഞ്ഞ് കാരണം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങള്‍ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. രാവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 92 ശതമാനവും വൈകി.
രാജ്യത്ത് താപനില കുറയുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലടിക്കുന്ന കാറ്റ് പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും കാരണമാകും. അറേബ്യന്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.