
ദുബായ്: ഖവാനീജ് മേഖലയില്‍ ദുബായ് നഗരസഭ നിര്‍മിക്കുന്ന ഖുര്‍ആന്‍ പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുറഹ്മാന്‍ അല്‍ ഹാജിറി വ്യക്തമാക്കി. മതില്‍ക്കെട്ടുകളില്ലാതെ ഏവര്‍ക്കും ആസ്വദിക്കാവുന്ന പാര്‍ക്കില്‍ അതിശയങ്ങളുടെ ഗുഹ (Cave of Miracles) ഗ്ലാസ് ഹൗസ് എന്നിവ സന്ദര്‍ശിക്കുന്നതിനു മാത്രം പത്ത് ദിര്‍ഹം വീതം ടിക്കറ്റ് ഈടാക്കുകയുള്ളൂ.
ഏവര്‍ക്കും സന്തോഷം സാധ്യമാക്കുക എന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശത്തിലധിഷ്ഠിതമായാണ് ഈ സൗകര്യങ്ങളെന്ന് അല്‍ ഹാജിറി പറഞ്ഞു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന ഔഷധ സസ്യങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ എന്നിവയുടെ വിശദീകരണം, പ്രാധാന്യപൂര്‍വമായ പരിസ്ഥിതി സംരക്ഷണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ക്ക് സ്വദേശികള്‍ക്കും താമസക്കാര്‍ക്കും വിദേശികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാവും.
ഖവാനീജ് മേഖലയില്‍ 60 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ് പദ്ധതി. 12 ഗാര്‍ഡനുകള്‍ക്ക് പുറമെ, ഇസ്‌ലാമിക സൗന്ദര്യ രചനാരീതിയില്‍ ആവിഷ്‌കരിച്ച സൗരോര്‍ജ മരങ്ങള്‍, ഖുര്‍ആനില്‍ വിവരിക്കുന്ന അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുന്ന ഗുഹ, ചെടികളുടെ ഔഷധ ഗുണം പരിചയപ്പെടുത്തുന്ന കിയോസ്‌കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.