
കുവൈത്ത് സിറ്റി: അവധിക്കുപോയി നാട്ടില്‍ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം കുവൈത്ത് ആരോഗ്യ മന്ത്രാലയം മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. വെക്കേഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ജീവനക്കാരുടെ ശമ്പളമാണ് മരവിപ്പിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലും അതിനുമുമ്പും അവധിക്ക് നാട്ടില്‍പോയ ആയിരക്കണക്കിന് വിദേശ തൊഴിലാളികളാണ് വിമാന സര്‍വിസ് നിലച്ചത് കാരണം തിരിച്ചുവരാന്‍ കഴിയാതെ പ്രയാസത്തിലുള്ളത്.
ആഗസ്റ്റ് ഒന്നുമുതല്‍ കമേഴ്‌സ്യല്‍ വിമാന സര്‍വിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും 32 രാജ്യങ്ങള്‍ക്ക് പ്രത്യേക വിലക്ക് നിലനില്‍ക്കുന്നു. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളായ ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയവ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ വരുന്നു. കുവൈത്ത് ആരോഗ്യമന്ത്രാലയ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ആരോഗ്യ മന്ത്രാലയ ജീവനക്കാരെ പ്രത്യേകമായി കൊണ്ടുവരുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.