ദുബായ്: ദുബായിലെ 766 മസ്ജിദുകളില്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ ജുമുഅ നമസ്കാരം ആരംഭിക്കുമെന്ന് ദുബായ് ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ പാലിച്ചായിരിക്കും വിശ്വാസികളെ നമസ്കാരത്തിന് പ്രവേശിപ്പിക്കുക. കൂടുതല്‍ വിശ്വാസികള്‍ക്ക് അവസരം നല്കാന് 60 പള്ളികളില്‍ കൂടി ജുമുഅ തുടങ്ങും. യു.എ.ഇയിലെ പള്ളികളില്‍ ഡിസംബര്‍ നാല് മുതല്‍ ജുമുഅ നമസ്കാരം പുനരാംഭിക്കാന്‍ യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 766 പള്ളികളില്‍ ജുമുഅ തുടങ്ങുന്നതെന്ന ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പള്ളികളുടെ ശേഷിയുടെ 30 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാനാണ് ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ശാരീരിക അകലം പാലിക്കേണ്ടതിനാല്‍ ദുബായില്‍ 60 പള്ളികളില്‍ കൂടി ജുമുഅ നമസ്കാരത്തിന് മതകാര്യവകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ അഞ്ചുനേരത്തെ നമസ്കാരം മാത്രമുള്ള പള്ളികളാണ് ഇവ.
കോവിഡ് നിര്‍ദേശം പാലിക്കേണ്ട സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താനാണ് ഈ തീരുമാനം. മാസ്ക് ധരിച്ച് മാത്രമേ പള്ളികളിലേക്ക് പ്രവേശനം അനുവദിക്കൂ. നമസ്കാരത്തിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ. പത്ത് മിനിറ്റില്‍ ഖുത്തുബയും നമസ്കാരവും പൂര്‍ത്തിയാക്കണം. നമസ്കാരം കഴിഞ്ഞ് അരമണിക്കൂറില്‍ പള്ളികള്‍ അടക്കാനും ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.