
ദുബായ്: ഗള്‍ഫ് കാര്‍ഗോ മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര ജി.എസ്.ടി കൗണ്‍സിലിന്റെ പുതിയ തീരുമാനം. വിദേശത്തുനിന്ന് സമ്മാനമായി അയയ്ക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് നികുതി നല്‍കേണ്ടതില്ല എന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനമാണ് നൂറുകണക്കിന് പ്രവാസികള്‍ക്കും കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും തുണയായത്. ഇതോടെ വര്‍ധിപ്പിച്ച കാര്‍ഗോ നിരക്ക് ഏജന്‍സികള്‍ കുറച്ചിട്ടുണ്ട്.
ചരക്കു സേവന നികുതി നടപ്പിലാക്കിയതോടെ ദുരിതത്തിലായ ഗള്‍ഫ് കാര്‍ഗോ മേഖല ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്. നേരത്തേ 20,000 രൂപയുടെ സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു. എന്നാല്‍ ജൂണില്‍ ഈ സൗകര്യം റദ്ദാക്കി. ഇതുകാരണം നാട്ടിലേക്കയച്ച ടണ്‍കണക്കിന് കാര്‍ഗോ വിവിധ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു. ആദ്യഘട്ടത്തില്‍ കാര്‍ഗോ കമ്പനികളുടെ കൂട്ടായ്മ നികുതി അടച്ചാണ് ക്ലിയറന്‍സ് സംഘടിപ്പിച്ചത്.
നികുതി അടക്കേണ്ടി വരുന്നതിനാല്‍ പാര്‍സര്‍ ചാര്‍ജ് കിലോക്ക് 12 ദിര്‍ഹം ഈടാക്കിയിരുന്ന സ്ഥാനത്ത് നികുതി കൂടി കണക്കാക്കി 15 ദിര്‍ഹമായി പിന്നീട് ഏജന്‍സികള്‍ വര്‍ധിപ്പിച്ചു. ഈ തുക വീണ്ടും പഴയപടിയായി കുറച്ചിട്ടുണ്ടിപ്പോള്. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേര് ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 90 ശതമാനവും മലയാളികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.