
ദുബായ്: ആരോഗ്യഇന്ഷൂറന്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് ദുബായ് ഹെല്‍ത്ത് അഥോറിട്ടിയുടെ മുന്നറിയിപ്പ്. കുറഞ്ഞ നിരക്കില്‍ മികച്ച പരിരക്ഷ ഉറപ്പ് നല്കുന്ന പാക്കേജുകള്‍ നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. ഡിഎച്ച്എ നടത്തിയ അന്വേഷണത്തില്‍ പത്ത് കമ്പനികള്‍ വ്യാജ ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരുമാനം കുറഞ്ഞ കമ്പനികളെയാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
ഡിഎച്ച്എയ്ക്ക് കീഴില്‍ മികച്ച രീതിയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് നല്കുന്ന പാക്കേജുകള്‍ നല്‍കാം എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പൊതു ജനങ്ങള്‍ വീഴരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള 30 പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചതെന്ന് ഡിഎച്ച്എ വ്യക്തമാക്കി.
ചെലവ് കുറഞ്ഞ ഇന്‍ഷൂറന്‍സ് പാക്കേജുകളെക്കുറിച്ച് ഫോണ്‍ സന്ദേശങ്ങളോ ഇ-മെയില്‍ സന്ദേശങ്ങളോ ആയിരിക്കും ആദ്യം ലഭിക്കുക. തുടര്‍ന്ന് വ്യാജവെബ്സൈറ്റുകളുടെ വിലാസങ്ങള്‍ നല്‍കിക്കൊണ്ട് പദ്ധതിയില്‍ ചേരാന്‍ ആവശ്യപ്പെടുകയും ബാങ്ക് വിശദാംശങ്ങള്‍ ആരായുകയും ചെയ്യും. അപരിചിതര്‍ക്ക് ഇത്തരം വിവരങ്ങള്‍ ഒരിക്കലും കൈമാറരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.