Currency

ദുബയ് നിരത്തില്‍ ഇനി ഹൈടെക്ക് ടാക്സികള്‍

സ്വന്തം ലേഖകന്‍Tuesday, January 8, 2019 11:55 am

ദുബയ്: 1090 ഹൈടെക് വാഹനങ്ങള്‍ ദുബായ് ടാക്സി നിരയിലേക്ക്എത്തുന്നു. ഇതില്‍ 776 എണ്ണം വൈദ്യുതിയിലും പെട്രോളിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാണ്. ഇതുസംബന്ധിച്ച കരാറില്‍ ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ ഒപ്പുവച്ചു.

ഇതോടെ ഹൈബ്രിഡ് ടാക്സികളുടെ എണ്ണം 2230 ആകും. ഇത് മൊത്തം ടാക്സികളുടെ 40% ആണ്. 660 ഹൈബ്രിഡ് ടൊയോട്ട കാംറി, 116 ഹൈബ്രിഡ് ഹ്യുണ്ടായി സൊനാറ്റ, 270 ടൊയോട്ട ഇന്നോവ, 2 ടൊയോട്ട ഹയാസ്, 30 എച്ച1 വാന്‍, 12 വിറ്റോ പ്രോ എന്നിവയാണു വാങ്ങുകയെന്ന് മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

കാര്‍ബണ്‍ മലിനീകരണം വലിയതോതില്‍ കുറയ്ക്കാന്‍ കഴിയുന്ന ഇത്തരം ഹൈബ്രിഡ് ടാക്സികള്‍ എല്ലായിടത്തും വ്യാപകമാക്കും.പുതിയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കും.

ടാക്സികള്‍ 5 മിനിറ്റിനകം ലഭ്യമാക്കാനും മറ്റുയാത്രക്കാരെ കൂടി കയറ്റാനും അവസരമൊരുക്കുന്ന ഇഹെയില്‍ ടാക്സി സേവനം ഏപ്രില്‍ മുതല്‍ ലഭ്യമാകും. ആര്‍ടിഎ ആപ്പ് വഴി മുന്‍കൂട്ടി പണമടയ്ക്കാനും റൂട്ട് നിശ്ചയിക്കാനും കഴിയും. വാഹനത്തിന്റെയും ഡ്രൈവറുടെയും വിശദാംശങ്ങളും ലഭിക്കും. എയര്‍ടാക്സികള്‍, ഡ്രൈവറില്ലാ വാഹനങ്ങള്‍, ഹൈപ്പര്‍ ലൂപ് എന്നിവയും വൈകാതെ യാഥാര്‍ഥ്യമാകും.

ഒന്നിലേറെ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. കുറഞ്ഞ വേഗത്തിലാണെങ്കില്‍ വൈദ്യുതിയിലാണു വാഹനം ഓടുക. ബ്രേക് ഡൗണോ കാര്യമായ അറ്റകുറ്റപ്പണികളോ ഇല്ലാതെ 5.5 ലക്ഷം കിലോമീറ്റര്‍ ഓടി മികവു തെളിയിച്ചവയാണ് ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍. 2008 മുതല്‍ ഇവ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നു.

സാധാരണ കാറുകള്‍ക്കു100 കിലോമീറ്റര്‍ ഓടാന്‍ 12.5 ലീറ്റര്‍ ഇന്ധനം വേണമെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 8.25 ലീറ്റര്‍ മതിയാകും. കാര്‍ബണ്‍ മലിനീകരണത്തോത് 33% കുറവ്. മറ്റു കാറുകളേക്കാള്‍ ശബ്ദവും കുറവാണ്. പ്രതിവര്‍ഷം ഒരു ടാക്സിയില്‍ 31% വരെ ഇന്ധനച്ചെലവു ലാഭിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x