Currency

193 ഉല്‍പന്നങ്ങള്‍ക്ക് 25% വരെ കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Friday, January 20, 2017 12:06 pm

പാല്‍, മുട്ട, ജൂസ്, ടിന്നില്‍ പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധനവ് അനുഭവപ്പെടുക. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആറ് മുതല്‍ 25 ശതമാനം വരെ വില വര്‍ധനവ് അനുഭവപ്പെട്ടുമെന്ന് കസ്റ്റംസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

റിയാദ്: സൗദിയില്‍ 193 ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം വരെ കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തിയതായി സൗദി കസ്റ്റംസ് വിഭാഗം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ ഇറക്കുമതിക്ക് സര്‍ക്കാര്‍ നല്‍കിവന്ന സബ്‌സിഡി എടുത്തു കളഞ്ഞതോടെയാണ് ഉല്‍പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തിയത്. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചേക്കും.

പാല്‍, മുട്ട, ജൂസ്, ടിന്നില്‍ പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധനവ് അനുഭവപ്പെടുക. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ആറ് മുതല്‍ 25 ശതമാനം വരെ വില വര്‍ധനവ് അനുഭവപ്പെട്ടുമെന്ന് കസ്റ്റംസ് വക്താവ് കൂട്ടിച്ചേര്‍ത്തു. സോപ്പ്, അലക്കുപൊടി, ആരോഗ്യ പരിരക്ഷ ഉല്‍പന്നങ്ങള്‍ എന്നിവക്ക് 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധിച്ചേക്കും. കെമിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെയും രാസവളത്തിന് അഞ്ച് മുതല്‍ 12 ശതമാനം വരെയുമാണ് വില വര്‍ധിക്കുക.

ഏതെങ്കിലും ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ തങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കിവന്ന സബ്‌സിഡി എടുത്തുകളഞ്ഞതോടെ കസ്റ്റംസ് തീരുവ പൂര്‍ണമായും ചുമത്തുക മാത്രമാണ് ചെയ്തതെന്നും ഔദ്യോഗിക വക്താവ് വിശദീകരിച്ചു. ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായി നടപ്പാക്കുന്ന പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് സബ്‌സിഡി എടുത്തുകളയാനുള്ള തീരുമാനത്തിന് പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x