Currency

ഓസ്ട്രേലിയന്‍ കറന്‍സിയില്‍ ‘ബീഫ്’: പ്രതിഷേധവുമായി ഹിന്ദു സംഘടന, റിസര്‍വ് ബാങ്കിന് കത്തയച്ചു

സ്വന്തം ലേഖകന്‍Wednesday, January 23, 2019 1:28 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടാലോ (tallow) എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്നും, ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ആരോപിച്ച് ഹിന്ദു സംഘടനകള്‍ റിസര്‍വ് ബാങ്കിന് കത്തയച്ചു. ഓസ്ട്രേലിയയില്‍ ഉപയോഗിക്കുന്ന പോളിമര്‍ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയുടെയും ആട്ടിറച്ചിയുടെയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ടാലോ (tallow) എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.

പോളിമര്‍ നോട്ടുകളില്‍ ടാലോ ഉണ്ടെന്ന വിവരം നേരത്തേ ബ്രിട്ടനിലും വിവാദമായിട്ടുണ്ട്. നോട്ടുകള്‍ അടുക്കിവയ്ക്കുമ്പോള്‍ തെന്നിപ്പോകുന്നതും, ഘര്‍ഷണം കൊണ്ട് വൈദ്യുതോര്‍ജ്ജം ഉണ്ടാകുന്നതും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ടാലോ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയില്‍ ഇനി പുറത്തിറക്കാനിരിക്കുന്ന 20 ഡോളറിന്റെയും 100 ഡോളറിന്റെയും പുതിയ നോട്ടുകളില്‍ ടാലോയുടെ ഉപയോഗം ഒഴിവാക്കണം എന്ന് അമേരിക്ക ആസ്ഥാനമായ യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടന ആവശ്യപ്പെട്ടു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് കത്തയച്ചിട്ടുമുണ്ട്. ബീഫ് ഉപയോഗിക്കുന്നത് ഹൈന്ദവ വിശ്വാസത്തിന് വിരുദ്ധമാണെന്നും, ഹൈന്ദവ വിശ്വാസ കേന്ദ്രങ്ങളില്‍ ഇതിന് പ്രവേശനം പോലുമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയന്‍ കറന്‍സിയിലെ ടാലോയുടെ സാന്നിദ്ധ്യത്തിനെതിരെ പൂര്‍ണ സസ്യാഹാരരീതി (vegan) പിന്തുടരുന്നവരും നേരത്തേ രംഗത്തെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x