Currency

പൊതുമാപ്പ് പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍

സ്വന്തം ലേഖകന്‍Saturday, June 23, 2018 11:31 am

ഷാര്‍ജ: യു.എ.ഇയില്‍ പ്രഖ്യാപിച്ച മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ആയിരങ്ങള്‍ക്ക് തുണയാകും. അനധികൃതമായി രാജ്യത്തു തങ്ങുന്ന മുഴുവന്‍ പേരെയും പൊതുമാപ്പിന്റെ പ്രയോജകരാക്കി മാറ്റാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയാറെടുക്കുകയാണ്.

അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. ആഗസ്ത് ഒന്നിനാണ് പൊതുമാപ്പ് തുടങ്ങുക. തൊഴില്‍ വിപണി ക്രമീകരണം ലക്ഷ്യം വെച്ച് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കാനും രേഖകള്‍ ശരിപ്പെടുത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് കെ.എം.സി.സി ഉള്‍പ്പെടെ പ്രവാസി കൂട്ടായ്മകള്‍ വ്യക്തമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.

ആഗസ്ത് ഒന്നിനു മുമ്പ് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ചേര്‍ന്ന് സന്നദ്ധ സംഘടനകളുടെയുംസാമൂഹികപ്രവര്‍ത്തകരുടെയും വിപുലമായ യോഗം വിളിച്ചേക്കും. യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് 2013 ല്‍ ആണ്. 62,000 പേരാണ് ആ സമയത്ത് പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x