Currency

ഷാര്‍ജയില്‍ റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യക്കാരന് മലയാളികള്‍ തുണയായി

സ്വന്തം ലേഖകന്‍Monday, May 22, 2017 7:23 am

മൂന്ന് മാസം മുന്‍പാണ് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഇസ്രാറിനെ വാഹനമിടിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഇസ്രാറിന് ബോധം തിരിച്ചുകിട്ടിയിട്ടില്ല.

ഷാര്‍ജ: റോഡപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ദൈദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ഇസ്രാര്‍ ഇഖ്‌റമുദ്ദീനാ(23)ണ് ദുബായിലെ സാമൂഹിക പ്രവര്‍ത്തകരും പിആര്‍ഒ അസോസിയേഷന്‍ ഭാരവാഹികളും സഹായവുമായെത്തിയത്. ഇവരുടെ ശ്രമഫലമായി യുവാവിനെ നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്. ദൈദില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു ഇസ്രാര്‍.

മൂന്ന് മാസം മുന്‍പാണ് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഇസ്രാറിനെ വാഹനമിടിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഇസ്രാറിന് ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇയാളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ എത്താത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പിആര്‍ഒ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി നന്ദി നാസറിനെ വിവരം അറിയിക്കുകയായിരുന്നു.

ഇസ്രാറിന്റെ കൈവശമുണ്ടായിരുന്ന എമിറേറ്റ്‌സ് ഐഡിയി വഴി ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, അങ്ങനെയൊരു കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. ഇയാളെ തേടി ഇതുവരെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയിട്ടില്ല.

ദയനീയ അവസ്ഥയില്‍ കഴിയുന്ന യുവാവിനെ അടിയന്തരമായി നാട്ടില്‍ കൊണ്ടുപോയി ചികിത്സ നല്‍കണമെന്നും കോണ്‍സുലേറ്റിന്റെ സഹായം കൂടി ലഭിച്ചാല്‍ അതിന് സാധിക്കുമെന്നും നന്ദി നാസര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x