Currency

ദുബായിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ യുവതിക്ക് അടിയന്തര വിസ

സ്വന്തം ലേഖകന്‍Saturday, January 20, 2018 2:50 pm

 

ദുബായ്: ഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വനിതക്ക് അടിയന്തര വിസ ലഭ്യമാക്കി കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ഇടപെടല്‍. വെള്ളിയാഴ്ച ഇന്ത്യയിലെ യുഎഇ എംബസി അവധിയായിരിക്കെയാണ് മന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് വിസ ലഭ്യമാക്കിയത്. ട്വിറ്ററിലൂടെ യുവതിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെട്ടത്.

ഭര്‍ത്താവിനെ കാണാന്‍ അത്യാവശ്യമായി വിസിറ്റിങ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗരിമ എന്ന യുവതിയാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. നൂറുകണക്കിന് പേര്‍ ഈ സന്ദേശം റീട്വീറ്റ് ചെയ്തതോടെ കേന്ദ്ര മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ജനുവരി 17 മുതല്‍ ഗരിമ ട്വിറ്ററിലൂടെ മന്ത്രിയുടെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ‘തന്റെ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ദുബൈയിലെ ആശുപത്രിയിലാണ്. മെഡിക്കല്‍ എമര്‍ജനസിയുടെ കീഴില്‍ അടിയന്തര വിസയ്ക്ക് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. വിസ ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദയവായി സഹായിക്കണം. നാളെ വെള്ളിയാഴ്ച ആയതിനാല്‍ യുഎഇ എംബസി അവധിയായിരിക്കും ദയവായി സഹായിക്കണം’ ഇങ്ങനെയായിരുന്നു ഗരിമയുടെ ട്വീറ്റ്.

ഏതാണ്ട് 1500ല്‍ അധികം തവണ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മന്ത്രി സുഷമ സ്വരാജ് ഗരിമയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ദുബായിലെ കോണ്‍സുലേറ്റ് ജനറലിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു സുഷമയുടെ മറുപടി. ക്ഷമ ചോദിക്കുന്നുവെന്നും തീര്‍ച്ചയായും നിങ്ങളെ സഹായിക്കുമെന്നുമായിരുന്നു ആദ്യ മറുപടി. കോണ്‍സുലേറ്റ് ജനറല്‍ വിപുലിനോട് വിഷയത്തില്‍ ഇടപെടാനും സുഷമ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഭര്‍ത്താവിന് ആവശ്യമായ സഹായം നല്‍കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്ന് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിന്നീട് സുഷമ സ്വരാജ് തന്നെ നേരിട്ടുവിളിച്ചുവെന്ന് അറിയിച്ച് ഗരിമ വീണ്ടും ട്വീറ്റ് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x