
ഷാര്‍ജ: ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൈസലൂണ്‍ മേഖലയിലെ വില്ലയില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖ് (36) ആണ് മരിച്ചതെന്നാണു വിവരം. ഭര്‍ത്താവ് കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. കൊലനടത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവം നടന്നിട്ട് ഒരു മാസമായിട്ടുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയില്‍നിന്നെത്തിയ സഹോദരന്‍ യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍, അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരിയെ ഫോണില്‍ ലഭിക്കാതായതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ഷാര്‍ജയില്‍ എത്തിയത്. വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ തറയിലെ ചില ടൈലുകള്‍ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ കളിപ്പാട്ടങ്ങളും മറ്റും ചിതറിക്കിടന്നിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം രണ്ടു മക്കളോടൊപ്പം ഭര്‍ത്താവ് ഇന്ത്യയിലേക്കു കടന്നതായാണ് പൊലീസിന്റെ നിഗമനം.
അഴുകിത്തുടങ്ങിയ മൃതദേഹം ഫൊറന്‍സിക് നടപടികള്‍ക്കായി നല്‍കി. വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് പുറത്തു തൂക്കിയിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നു പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.