
അബൂദബി: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലേക്കുള്ള വിമാന സര്‍വീസ് കരാറുകള്‍ ഏകീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പിന്തുണയോടെ ദുബായ്, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളുമായുള്ള കരാറുകള്‍ ഏകീകരിക്കാനാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഒരു എമിറേറ്റിലേക്ക് അനുവദിച്ച സര്‍വീസുകളില്‍ ഉപയോഗിക്കാത്തവ മറ്റു എമിറേറ്റിലേക്ക് നടത്താന്‍ സാധിക്കുമെന്നതാണ് കരാര്‍ ഏകീകരണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കാണുന്ന മെച്ചം.
അതേസമയം ഇന്ത്യയുമായി 2014ല്‍ ഒപ്പിട്ട വിമാന സര്‍വീസ് കരാറില്‍ ഒരു ഭേദഗതിയും ഉദ്ദേശിക്കുന്നില്ലെന്ന് യു.എ.ഇ പൊതു വ്യോമയാന അതോറിറ്റി (ജി.സി.എ.എ) വ്യക്തമാക്കി. നിലവില്‍ യു.എ.ഇയോട് മാത്രമാണ് ഇന്ത്യക്ക് ഏകീകൃത വിമാന സര്‍വീസ് കരാറില്ലാത്തത്. ഇന്ത്യയുമായുള്ള വ്യോമ ഗതാഗത ബന്ധം കൂടുതല്‍ ശക്തമാക്കുന്നതില്‍ യു.എ.ഇക്ക് താല്പര്യമുണ്ടെന്നും കൂടുതല്‍ സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ഇന്ത്യക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് നടപ്പായാല്‍ ഇരു രാജ്യത്തെയും ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ഇരു രാജ്യത്തിനും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും ജി.സി.എ.എ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍നിന്നും യു.എ.ഇയില്നിന്നുമായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആഴ്ചയില്‍ ഓരോ ഭാഗത്തേക്കും 134,441 സീറ്റുകളുടെ അനുമതിയുണ്ട്.എന്നാല്‍, എല്ലാ ഇന്ത്യന്‍ വിമാനങ്ങളും കൂടി ഇതില്‍ 99,000 സീറ്റുകള്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്നുള്ളൂ. ഏകീകൃത കരാര്‍ സാധ്യമായാല്‍ ശേഷിക്കുന്ന സീറ്റുകള്‍ കൂടി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.