Currency

കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു

സ്വന്തം ലേഖകന്‍Wednesday, January 4, 2017 12:01 pm

 

ബംഗളൂരു: കര്‍ണാടകയിലെ സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിക്കമംഗലൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അന്ത്യം. ചിക്കമംഗളൂരുവിലെ കൊപ്പയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം റിസോര്‍ട്ടില്‍ തങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മന്ത്രിയെ പുറത്തുകാണാതിരിക്കുകയും ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാതെയും ചെയ്തതോടെ പേഴ്‌സണല്‍ സ്റ്റാഫ് മുറി തള്ളിത്തുറക്കുകയും മഹാദേവിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മൈസൂര്‍ സ്വദേശിയായ മഹാദേവ് പ്രസാദ് ഗുണ്ടല്‍പ്പേട്ട് നിയോജക മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ്. 2013 ലാണ് മഹാദേവ് പ്രസാദ് സിദ്ധരാമയ്യ മന്ത്രസഭാംഗമായി സ്ഥാനമേറ്റത്. 2005-07 കാലയളവളില്‍ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയില്‍ സാംസ്‌കാരിക മന്ത്രിയായിരുന്നു. 2007 ല്‍ ജനതാദള്‍ എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ച്ചയായി അഞ്ചു തവണ എം.എല്‍.എ ആയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x