Currency

പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് ദുബായില്‍ 6.5 കോടിയുടെ ഭാഗ്യസമ്മാനം

സ്വന്തം ലേഖകന്‍Thursday, September 28, 2017 7:21 am

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര്‍ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി. കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫയ്ക്കാണ് ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 58കാരനായ മുസ്തഫ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയപ്പോഴാണ് ഭാഗ്യമെത്തിയത്. വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടുവരികയായിരുന്നു. സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം യുഎഇയില്‍ തിരിച്ചെത്തും.

യു.എ.ഇ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജുമൈറ ബീച്ച് ഹോട്ടലില്‍ നിന്നാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. മൂന്നാം തവണയാണ് മുസ്തഫ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ ടിക്കറ്റ് വാങ്ങുന്നത്. ആദ്യത്തെ രണ്ട് തവണയും സമ്മാനമൊന്നും ലഭിച്ചിരുന്നില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് മക്കളടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു.

അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ാമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടിക്ക് 6.4 കോടി രൂപ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x