
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിമാനയാത്രക്കാര്‍ക്കുള്ള പി.സി.ആര്‍ നിബന്ധനയില്‍ നിന്ന് ആറു വയസില്‍ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നും വരുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ കഴിയാത്ത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ നിന്നാണ് 6 വയസില്‍ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി. നിലവില്‍ 96 മണിക്കൂര്‍ കഴിയാത്ത കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴും കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല.
വിലക്കില്ലാത്ത യു.എ.ഇ പോലുള്ള രാജ്യങ്ങളില്‍ പതിനാലു ദിവസം താമസിച്ച ശേഷം വരുന്നതിന് തടസ്സമില്ല. നിരവധി പേര്‍ ഇത്തരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കുവൈത്ത് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.