Currency

ലാല്‍ബാഗില്‍ പുഷ്പമേളയ്ക്ക് തുടക്കം

സ്വന്തം ലേഖകന്‍Friday, January 20, 2017 4:37 pm

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗമാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ഡാര്‍ജിലിങ്ങിലും സിക്കിമിലും കാണപ്പെടുന്ന 250 സിമ്പിഡിയം പൂക്കളുടെ പ്രദര്‍ശനം മേളയുടെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാകും. അലങ്കാരച്ചെടികള്‍ക്കു പുറമെ ഫലവൃക്ഷത്തൈകള്‍, ഗാര്‍ഡനിങ് എന്നിവയ്ക്കായി പ്രത്യേകം സ്റ്റാളുകള്‍ ഉണ്ട്.

ബംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാല്‍ബാഗില്‍ നടക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗമാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ഡാര്‍ജിലിങ്ങിലും സിക്കിമിലും കാണപ്പെടുന്ന 250 സിമ്പിഡിയം പൂക്കളുടെ പ്രദര്‍ശനം മേളയുടെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാകും. അലങ്കാരച്ചെടികള്‍ക്കു പുറമെ ഫലവൃക്ഷത്തൈകള്‍, ഗാര്‍ഡനിങ് എന്നിവയ്ക്കായി പ്രത്യേകം സ്റ്റാളുകള്‍ ഉണ്ട്. സസ്യങ്ങളുടെയും ചെടികളുടെയും തൈകളും വിത്തുകളും മേളയില്‍ ലഭ്യമാണ്.

പുഷ്പമേളയോടനുബന്ധിച്ച് ലാല്‍ബാഗില്‍ സന്ദര്‍ശകര്‍ക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം പുഷ്പമേള നടക്കുന്ന പ്രദേശത്തിന്റെ എല്ലാ ഭാഗത്തുനിന്നും സന്ദര്‍ശകര്‍ക്ക് സെല്‍ഫി എടുക്കാന്‍ അനുവാദമുണ്ടാകില്ല. ഫോട്ടോ എടുക്കാന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം കമ്മിഷണര്‍ പറഞ്ഞു.

258 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഉദ്യാനത്തില്‍ നിന്ന് അപകടഭീഷണിയായി നിന്നിരുന്ന 67 സാധനങ്ങള്‍ നീക്കം ചെയ്തു. തേനീച്ചക്കൂടുകള്‍, മുള്‍ച്ചെടികള്‍, പഴക്കം ചെന്ന കല്ലുകള്‍ തുടങ്ങിയവയാണ് നീക്കിയത്. അഞ്ചു ലക്ഷം പേര്‍ പുഷ്പമേളയ്‌ക്കെത്തുമെന്നാണ് സംഘാടകര്‍ കണക്കു കൂട്ടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x