Currency

വിദേശ നഴ്‌സുമാരെ ആശ്രയിക്കുന്നതിനു പകരം സ്വദേശികളെ പരിശീലിപ്പിക്കാന്‍ എന്‍എച്ച്എസിന് നിര്‍ദ്ദേശം

സ്വന്തം ലേഖകൻThursday, April 6, 2017 7:19 pm

ലണ്ടൻ: വിദേശ നഴ്‌സുമാരെ ആശ്രയിക്കുന്നതിനു പകരം സ്വദേശികളായ ആരോഗ്യ ജീവനക്കാരെ പരിശീലിപ്പിക്കാന്‍ എന്‍എച്ച്എസിനോട് ലോര്‍ഡ്‌സ് കമ്മിറ്റി നിര്‍ദ്ദേശിച്ചു. വിദേശ നഴ്‌സുമാരെ ആശ്രയിക്കുന്നത് എന്‍എച്ച്എസിന്റെ ദുരന്തം ആണെന്ന്, ഇന്ത്യന്‍ വംശജനും പ്രമുഖ ഒബ്‌സ്റ്റെട്രീഷ്യനുമായ ലോര്‍ഡ് പട്ടേല്‍ കമ്മിറ്റി അധ്യക്ഷനായ സമിതി അഭിപ്രായപ്പെട്ടു.

ആവശ്യത്തിന് ബ്രിട്ടീഷ് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലനത്തിലൂടെ സൃഷ്ടിക്കാൻ സാധിക്കാത്തത് ബ്രിട്ടന്റെ ഭാഗത്തു നിന്നുള്ള വന്‍ വീഴ്ചയാണെന്നും എന്‍എച്ച്എസിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണ് ജീവനക്കാരുടെ അഭാവമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. ഇനിയെങ്കിലും വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന രീതി മാറ്റണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ കൂടുതല്‍ ശക്തമായ കുടിയേറ്റ നിയന്ത്രണങ്ങള്‍ വരുമെന്നും തന്മൂലം വിദേശ ജീവനക്കാരെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ-സാമൂഹ്യ സേവന മേഖലയുടെ താളംതെറ്റുമെന്നും ലോര്‍ഡ്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇതു മുന്നിൽ കണ്ട് പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്‍എച്ച്എസിന്റെ സ്ഥിതി ഇതിലും മോശമാകുമെന്നും റിപ്പോര്‍ട്ടിൽ മുന്നറിയിപ്പുണ്ട്.

ഹെല്‍ത്ത് സര്‍വ്വീസിനും, സോഷ്യല്‍ കെയറിനുമുള്ള ബജറ്റ് കുറയാതെ നല്‍കണം, ജിപിമാരെ എന്‍എച്ച്എസ് നേരിട്ട് നിയമിക്കണം, അമിതവണ്ണമുള്ളവരെ ബോധവത്കരിക്കാന്‍ ദേശീയ തലത്തില്‍ പ്രചരണം വേണം, മധ്യവയസ്‌കര്‍ക്ക് ജര്‍മ്മന്‍ സ്റ്റൈലില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് സ്‌കീം വേണം എന്നീ നിര്‍ദ്ദേശങ്ങളും കമ്മിറ്റി മുന്നോട്ടു വച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x