Currency

യുഎഇയില്‍ 50 കോടിയിലേറെ കബളിപ്പിച്ച് കടന്ന മലയാളി യുവാവിനെതിരെ പരാതി

സ്വന്തം ലേഖകന്‍Friday, September 8, 2017 2:52 pm

ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഇയാള്‍ 300 ലക്ഷത്തോളം ദിര്‍ഹം കൈപറ്റിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ യുഎഇയിലും നാട്ടിലും ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു. ശൈഖ് സായിദ് റോഡിന് സമീപത്തെ ഒരു ഐടി കമ്പനി ഉദ്യോഗസ്ഥനായ കുമരനല്ലൂര്‍ തൊഴപുറത്ത് വീട്ടില്‍ സനൂപിനെതിരെയാണ് പരാതിയുമായി നിരവധി പ്രവാസികള്‍ രംഗത്തെത്തിയത്.

ദുബായ്: പ്രവാസി മലയാളികളില്‍ നിന്നും അറബികളില്‍ നിന്നുമായി 50 കോടിയിലേറെ രൂപ കബളിപ്പിച്ച് മലയാളി യുവാവ് നാട്ടിലേക്ക് കടന്നതായി പരാതി. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിക്കെതിരെയാണ് പണം നഷ്ടപ്പെട്ടവര്‍ കൂട്ടമായി ദുബായ് പൊലീസിനെ സമീപിച്ചത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഇയാള്‍ 300 ലക്ഷത്തോളം ദിര്‍ഹം കൈപറ്റിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ യുഎഇയിലും നാട്ടിലും ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു.

ശൈഖ് സായിദ് റോഡിന് സമീപത്തെ ഒരു ഐടി കമ്പനി ഉദ്യോഗസ്ഥനായ കുമരനല്ലൂര്‍ തൊഴപുറത്ത് വീട്ടില്‍ സനൂപിനെതിരെയാണ് പരാതിയുമായി നിരവധി പ്രവാസികള്‍ രംഗത്തെത്തിയത്. സ്വന്തമായി ബിസിനസ് തുടങ്ങാനെന്ന പേരില്‍ തൊഴിലുടമയില്‍ നിന്നാണ് ആദ്യം ഇയാള്‍ പണം വാങ്ങിയത്. നാലു ലക്ഷം ദിര്‍ഹമാണ് ആദ്യം നല്‍കിയത്. പിന്നീട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 300 ലക്ഷത്തോളം ദിര്‍ഹം കൈപ്പറ്റി. ഇതിനു പകരമായി ചെക്കുകളും ആദ്യ ഘട്ടത്തില്‍ ലാഭവിഹിതവും നല്‍കിയിരുന്നു. സുഹൃത്തുക്കളുടെ സുഹൃത്തുകളുമായി പരിചയം സ്ഥാപിച്ചും ഇയാള്‍ പണം വാങ്ങി.

കഴിഞ്ഞമാസം കുടുംബത്തോടെ നാട്ടിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് ഫോണില്‍ കിട്ടാതായി. ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവായി. ഇതോടെയാണ് പണം നല്‍കിയവര്‍ക്ക് സംശയം ഉടലെടുത്തത്. ഈട് നല്‍കിയ വന്‍തുകയുടെ ചെക്കുകള്‍ ബാങ്കില്‍ നിന്ന് ഒന്നൊന്നായി മടങ്ങി. തൃത്താല പൊലീസിലും സനൂപിനെതിരെ പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിനെ സമീപിച്ചതായാണ് വിവരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x