Currency

കുഞ്ഞിന് അപൂർവ്വ രോഗം: മലയാളി കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനം ഓസ്ട്രേലിയ റദ്ദാക്കി

സ്വന്തം ലേഖകൻThursday, June 15, 2017 1:26 pm

മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയ്ക്ക് ശരീരത്തിലെ പേശികൾ തളർന്നുപോകുന്ന അപൂർവ നാഡീരോഗമാണുള്ളത്

അഡലെയ്ഡ്: മൂന്നുവയസ്സുകാരിയായ പെണ്‍കുഞ്ഞിന് അപൂർവ നാഡീരോഗം ഉള്ളതിനാൽ അഡ്ലൈഡിലെ മലയാളി കുടുംബത്തെ വിസ നിഷേധിച്ച് തിരിച്ചയക്കാനുള്ള തീരുമാനം ഫെഡറർ സർക്കാർ റദ്ദാക്കി. അഡ്ലൈഡിൽ നഴ്സായ മനു ജോർജ്ജിനും കുടുംബത്തിനുമാണ് മകളുടെ രോഗം മൂലം പെർമനന്റ് റെസിഡൻസിക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടിരുന്നത്. 

വിസ അപേക്ഷ നിരസിച്ച് ഇവരെ തിരിച്ചയക്കാനുള്ള സർക്കാർ തീരുമാനം രാജ്യത്തെ പ്രമുഖ മാധ്യമങ്ങളിലെല്ലാം വാർത്തയാകുകയും ഇതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലുമാണ് സർക്കാർ നടപടി റദ്ദാക്കിയത്. മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയ്ക്ക് ശരീരത്തിലെ പേശികൾ തളർന്നുപോകുന്ന അപൂർവ നാഡീരോഗമാണുള്ളത്. 

ഇങ്ങനെ അപൂർവ്വ രോഗമുള്ള വിദേശിയെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഇതിനെതിരെ നിരവധി പേർ ഒപ്പിട്ട ഓൺലൈൻ പരാതി സർക്കാരിന് ലഭിച്ചു. ഇക്കാര്യം പരിഗണിച്ച കുടിയേറ്റകാര്യ വകുപ്പ് ഇവർക്ക് പെർമനൻറ് റെസിഡൻസി വിസ അനുവദിക്കുകയായിരുന്നു. 

ആറുവർഷം മുന്പ് സ്റ്റുഡൻറ് വിസയിൽ ഓസ്ട്രേലിയയിലെത്തിയ മനു ജോർജ്ജിനും ഭാര്യ സീനുവിനും മേരി ജോർജിനെ കൂടാതെ 11  മാസം പ്രായമായ ഒരു മകൻ കൂടിയുണ്ട്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x