Currency

വിമാനത്തില്‍ ഇനി മാസ്‌ക് നിര്‍ബന്ധം; ഓസ്ട്രേലിയയിലേക്ക് വിദേശത്തു നിന്ന് തിരിച്ചെത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചു

സ്വന്തം ലേഖകന്‍Sunday, January 10, 2021 5:43 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയക്കുള്ളിലുള്ള വിമാന യാത്രകളിലും രാജ്യാന്തര വിമാന യാത്രകളിലും വിമാനത്തിനുള്ളില്‍ യാത്രയിലുടനീളം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ദേശീയ ക്യാബിനറ്റ് തീരുമാനം. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല. നേരത്തെ വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലായിരുന്നു.

മാസ്‌ക് ധരിക്കുന്നതിന് പുറമെ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യാന്തര യാത്രക്കാരും വിമാനത്തില്‍ കയറും മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യും മുമ്പ് യാത്രക്കാര്‍ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ സീസണല്‍ ജോലിക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കാം.

വിദേശത്ത് നിന്നും ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഫെബ്രുവരി 15 വരെയാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ന്യൂ സൗത്ത് വെയില്‍സിലേക്ക് ആഴ്ചയില്‍ 1,505 പേര്‍ക്കാണ് തിരിച്ചെത്താന്‍ കഴിയുക. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് 512 പേര്‍ക്കും, ക്വീന്‍സ്ലാന്റിലേക്ക് 500 പേര്‍ക്കു വീതവും മാത്രമേ ആഴ്ചയില്‍ തിരിച്ചെത്താന്‍ കഴിയു. വിക്ടോറിയയില്‍ നിലവിലെ പരിധിയായ 490 പേര്‍ക്ക് തിരിച്ചെത്താം.

വിമാന ജീവനക്കാര്‍ ഓസ്ട്രേലിയയില്‍ എത്തിയ ശേഷം ഏഴു ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണമെന്നും അടുത്ത വിമാനത്തില്‍ കയറും മുന്‍പ് വരെയോ 14 ദിവസമോ ക്വാറന്റൈന്‍ ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x