Currency

ഷാര്‍ജ അഗ്‌നിശമന സേനയില്‍ ഇനി മുതല്‍ വനിതകളും

സ്വന്തം ലേഖകന്‍Tuesday, February 6, 2018 2:56 pm

ഷാര്‍ജ: ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ അഗ്‌നിശമന വിഭാഗത്തില്‍ ഇനി മുതല്‍ വനിതകളുടെ സേവനവും. പുതുതായി 15 സ്വദേശി വനിതാ അംഗങ്ങളാണ് സേവനം ചെയ്യുക. യു.എ.ഇയില്‍ മാത്രമല്ല, മധ്യപൗരസ്ത്യ ദേശത്തു തന്നെ ആദ്യമായാണ് അഗ്‌നിശമന സേനയില്‍ വനിതകള്‍ ഭാഗമാകുന്നത്. പുരുഷ രക്ഷാ സംഘങ്ങളുടെ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരും പങ്കാളികളാവും.

ഇവര്‍ക്ക് ആറു മാസത്തെ പരിശീലനം നല്‍കുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് മാസത്തെ സൈനിക പരിശീലനവും മൂന്ന് മാസത്തെ തൊഴില്‍ സംബന്ധമായ പരിശീലനവുമാണ് നല്‍കുക. വനിതാ അംഗങ്ങള്‍ക്ക് ആവശ്യമായ ശാരീരിക ക്ഷമതാ പരിശീലനങ്ങളും നൈപുണ്യ വികസന മാര്‍ഗ നിര്‍ദേശങ്ങളും നല്‍കും.

200 വനിതകളാണ് ജോലിക്കായി അപേക്ഷ നല്‍കിയത്. അവരില്‍ നിന്ന് 15 പേരെ പ്രത്യേകമായി നടത്തിയ പരിശോധനാ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുത്തത്. 18 മുതല്‍ 23 വയസ് വരെ പ്രായ പരിധിയുള്ള അംഗങ്ങള്‍ റാസല്‍ ഖൈമ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം അറിയിച്ചു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലുള്ള താല്‍പര്യമാണ് തങ്ങളെ ഈ മേഖലയില്‍ എത്തിച്ചതെന്ന് പുതിയ സേനാംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ പാത പിന്തുടരാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x