Currency

നഗരത്തില്‍ മെമു സര്‍വീസുകള്‍ ഓടിത്തുടങ്ങി

സ്വന്തം ലേഖകന്‍Tuesday, January 17, 2017 3:16 pm

സിറ്റി സ്റ്റേഷനില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് രണ്ട് മെമുവും രാമനഗരയിലേക്ക് മൂന്നു മെമുവുമാണ് സര്‍വീസ് നടത്തുക. രാമനഗരയിലേക്കുള്ള മെമുവില്‍ ഒരെണ്ണം രാവിലെയും ബാക്കി രണ്ട് സര്‍വീസുകള്‍ വൈകിട്ടുമായിരിക്കും.

ബംഗളൂരു: നഗരത്തില്‍ മെമു സര്‍വീസുകള്‍ ഓടിത്തുടങ്ങി. ഇതോടെ സിറ്റി സ്റ്റേഷനില്‍നിന്ന് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ രാമനഗരയിലും വൈറ്റ് ഫീല്‍ഡിലും എത്താനാകും. ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു മെമു സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. സിറ്റി സ്റ്റേഷനില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് രണ്ട് മെമുവും രാമനഗരയിലേക്ക് മൂന്നു മെമുവുമാണ് സര്‍വീസ് നടത്തുക. രാമനഗരയിലേക്കുള്ള മെമുവില്‍ ഒരെണ്ണം രാവിലെയും ബാക്കി രണ്ട് സര്‍വീസുകള്‍ വൈകിട്ടുമായിരിക്കും.

ദിവസേന നിരവധി പേരാണ് ഈ റൂട്ടില്‍ ബസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് മെമു സര്‍വീസ്. ബൈയപ്പനഹള്ളിയില്‍ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനവും യശ്വന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എസ്‌കലേറ്ററിന്റെയും ലിഫ്റ്റിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

സിറ്റി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വൈറ്റ് ഫീല്‍ഡിലേക്ക് ഐ.ടി ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണ് മെമു സര്‍വീസ്. ഒരു മെമു വൈറ്റ് ഫീല്‍ഡ് വരെയും മറ്റൊരെണ്ണം വൈറ്റ്ഫീല്‍ഡ് വഴി കുപ്പം വരെയുമായിരിക്കും സര്‍വീസ് നടത്തുക. ബംഗളൂരുസിറ്റിയില്‍ നിന്ന് ഹൊസൂര്‍, ദൊഡ്ഡബെല്ലാപൂര്‍, തുമക്കൂരു, ചിക്കബല്ലാപൂര്‍, ബംഗാര്‍പേട്ട്, നെലമംഗല എന്നിവിടങ്ങളിലേക്കും മെമു സര്‍വീസുകള്‍ നടത്താന്‍ റെയില്‍വെ ലക്ഷ്യമിടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x