
വിക്ടോറിയ: സൈബര്‍ ബുള്ളിയിംഗ് കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി അടുത്ത വര്‍ഷം മുതല്‍ വിക്ടോറിയയിലെ പബ്ലിക് സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ അറിയിച്ചു. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ലോക്കറില്‍ സൂക്ഷിക്കണമെന്ന് ജെയിംസ് മെര്‍ലിനോ അറിയിച്ചു. പഠനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറുന്നത് ഒഴിവാക്കാന്‍ വലിയ സഹായമായിരിക്കും ഈ നിരോധനമന്നെും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഫോണ്‍ കയ്യില്‍ കരുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകര്‍ ആവശ്യപ്പെട്ടാലും ഫോണ്‍ ഉപയോഗിക്കാം. ഈ നിരോധനത്തെ എല്ലാവരും അനുകൂലിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ‘ശരിയായ നടപടി’യാണ് ഇതെന്ന് ജെയിംസ് മെര്‍ലിനോ ചൂണ്ടിക്കാട്ടി. ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ദ്ധിപ്പിയ്ക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ നിരോധനം ബാധകമല്ല. കാത്തലിക് സ്‌കൂളുകള്‍ക്കും മറ്റു സര്‍ക്കാരിതര സ്‌കൂളുകള്‍ക്കും സ്വയം തീരുമാനം എടുക്കാന്‍ സാധിക്കും. നിലവില്‍ വിവിധ സ്വകാര്യ സ്‌കൂളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ പബ്ലിക് പ്രൈമറി സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും നിരോധനം ബാധകമാണ്. മെല്‍ബണിലെ പബ്ലിക് സ്‌കൂളായ മാക് കിന്നോന്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരവും ഇടവേളകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള പരസ്പര സഹകരണവും വര്‍ദ്ധിച്ചതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.