Currency

മൃതദേഹങ്ങള്‍ക്ക് വിമാനത്തില്‍ ഇരട്ടി ചാര്‍ജ്: പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍Friday, September 28, 2018 11:35 am

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ചെലവ് ഇരട്ടിയാക്കിക്കൊണ്ടുള്ള ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. എന്നാല്‍, ഇതുസംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്‍കാനോ തീരുമാനം പിന്‍വലിക്കാനോ ഇതുവരെ അധികൃതര്‍ ആരും രംഗത്തെത്തിയില്ല.

വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് തൂക്കംനോക്കിയാണ് നിരക്ക് ഏര്‍പ്പെടുത്തുന്നത്. ഇത് ഇപ്പോള്‍ കിലോവിന് 30 ദിര്‍ഹമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരവധി പ്രവാസിസംഘടനകള്‍ ഇതില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിഷേധസന്ദേശങ്ങള്‍ അയച്ചു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, എയര്‍ ഇന്ത്യ എന്നിവിടങ്ങളിലേക്കും പ്രതിഷേധപ്രമേയങ്ങള്‍ അയച്ചുകാത്തിരിക്കുകയാണ് പൊതുപ്രവര്‍ത്തകര്‍.

വിദേശരാജ്യത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുവേണ്ടി പ്രവാസികള്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് കഴുത്തറപ്പന്‍ തീരുമാനവുമായി എയര്‍ ഇന്ത്യ മുന്നോട്ടുവന്നിരിക്കുന്നത്. പാകിസ്താന്റേത് ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിമാനക്കമ്പനികളും തങ്ങളുടെ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ ഒരു യാത്രക്കാരനോടൊപ്പം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഈ പകല്‍ക്കൊള്ള നടത്തുന്നതെന്ന് ശക്തി തിയേറ്റേഴ്‌സ് ചൂണ്ടിക്കാട്ടി.

മൃതദേഹത്തോട് എയര്‍ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്നും മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിക്കണമെന്നും ഇന്‍കാസ് യു.എ.ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.

പ്രവാസിസമൂഹത്തെ യാത്രാക്കൂലിയുടെ പേരില്‍ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ പ്രവാസി മരണപ്പെട്ടാലും ആ ചൂഷണം കൂടുതല്‍ ശക്തിയായി തുടരുന്നത് ക്രൂരവും അപലപനീയവുമാണെന്ന് ഇന്‍കാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x