Currency

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട്; പട്ടികയില്‍ യു.എ.ഇക്ക് മികച്ച നേട്ടം

സ്വന്തം ലേഖകന്‍Wednesday, July 31, 2019 12:59 pm

ദുബായ്: ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ വിഭാഗത്തില്‍ യു.എ.ഇക്ക് മികച്ച നേട്ടം. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ലോക തലത്തില്‍ നടത്തിയ റാങ്കിങ് നിര്‍ണയത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്ക് ഉയര്‍ന്നു. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് റാങ്കിങ് നിര്‍ണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പരിഗണിച്ചത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്.

പിന്നിട്ട ദശാബ്ദ കാലയളവില്‍ ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ് നിര്‍ണയത്തിന് മാനദണ്ഡമായിട്ടുണ്ട്. ജപ്പാന്‍, സിംഗപ്പൂര്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. പരമാവധി രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് സാധിക്കും എന്നതാണ് മികവ്.

ഡന്‍മാര്‍ക്ക്, ഇറ്റലി, ലക്‌സംബര്‍ഗ്, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ എന്നിവയും മുന്‍നിരയിലുണ്ട്. എന്നാല്‍ മുമ്പ് ഉയര്‍ന്ന പദവിയില്‍ ഉണ്ടായിരുന്ന യു.കെ, യു.എസ് പാസ്‌പോര്‍ട്ടുകള്‍ പുതിയ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x