
ഷാര്‍ജ: അവിവാഹിതര്‍ താമസിക്കുന്ന വീടുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി. അല്‍ നസീറിയ, മായിസലൂണ്‍, അല്‍ നബാ, അല്‍ നഹ്ദ, അല്‍ മജാസ് തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിലാണ് ഇത്തരത്തില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരിക്കുന്നത്.
കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ കമ്പനികളിലെ ജീവനക്കാര്‍ താമസിക്കുന്നത് അനുവദനീയമല്ലെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ ഖലീഫ ബു ഖാനം അല്‍ സുവൈദി പറഞ്ഞു. ഷാര്‍ജയിലെ ഭവന നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും കമ്പനികള്‍ ജീവനക്കാര്‍ക്ക് ഷാര്‍ജ വ്യവസായ മേഖലയില്‍ തന്നെ താമസസൗകര്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയില്‍ താമസിക്കുന്നവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഉത്തരവുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് വീടുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നതിന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
കുടുംബമായി താമസിക്കുന്ന മേഖലകളില്‍ പരിശോധന തുടരും. മേഖലകളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളും. താമസ സ്ഥലവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മുഴുവന്‍ പരാതികളും വളരെ ഗൗരവമായി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.