ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ പൗരത്വം ലഭിക്കുന്നതിനുള്ള പ്രധാന നടപടിക്രമങ്ങളിലൊന്നായ പൗരത്വപരീക്ഷ നവംബര്‍ 15 മുതല്‍ ഈ പുതിയ രീതിയില്‍. പൗരത്വ പരീക്ഷ നവീകരിക്കാനുള്ള തീരുമാനം ഫെഡറല്‍ സര്‍ക്കാര്‍ മുമ്പു തന്നെ വ്യക്തമാക്കിയിരുന്നു. നവംബര്‍ 15 മുതല്‍ ഈ പുതുക്കിയ പരീക്ഷ പ്രാബല്യത്തില്‍ വരുമെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലന് ടഡ്ജാണ് പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍ എന്ന ഒരു ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് പൗരത്വ പരീക്ഷ പരിഷ്കരിക്കുക. ഓസ്ട്രേലിയക്കാരെ ഒരുമിച്ചു നിര്‍ത്തുകയും, ലോകമെങ്ങുമുള്ളവര്‍ക്ക് ഓസ്ട്രേലിയന്‍ ജീവിതം ആകര്‍ഷകമാക്കുകയും ചെയ്യുന്ന ഘടകമാണ് ഓസ്ട്രേലിയന്‍ മൂല്യങ്ങളെന്ന് അലന് ടഡ്ജ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, അവസരങ്ങളിലെ തുല്യത, ജനാധിപത്യത്തിന്റെ പ്രാധാന്യം, നിയമപരിപാലനം എന്നീ ഓസ്ട്രേലിയന്‍ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാകും പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന് അദ്ദേഹം വ്യക്തമാക്കി.
പരീക്ഷയിലെ മാറ്റം:
നിലവിലേതു പോലെ 20 ചോദ്യങ്ങള്‍ തന്നെയാകും നവംബര്‍ 15 മുതലുള്ള പുതുക്കിയ പൗരത്വ പരീക്ഷയിലും ഉണ്ടാകുന്നത്.
ഓരോ ചോദ്യത്തിനും മൂന്ന് ഉത്തരങ്ങള്‍ വീതം നല്‍കും. അതില്‍ ശരിയായത് തെരഞ്ഞെടുക്കുക എന്നതാണ് പൗരത്വ പരീക്ഷയുടെ രീതി.
എന്നാല്‍ പുതുക്കിയ പരീക്ഷയില്‍ അവസാനത്തെ അഞ്ചു ചോദ്യങ്ങള്‍ ഓസ്ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ളതായിരിക്കും.
ഈ അഞ്ചു ചോദ്യങ്ങളില്‍ ഒരെണ്ണം തെറ്റിയാല്‍ പോലും പൗരത്വ പരീക്ഷയില്‍ പരാജയപ്പെടും.
ആകെ പരീക്ഷയുടെ 75 ശതമാനം ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്കിയാലാണ് വിജയിക്കുക. അതായത്, 15 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.