
അബൂദബി: എമിറേറ്റിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ മാസം എട്ട് മുതലാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരിക. മറ്റു എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ഡിപിആര്‍ ടെസ്റ്റിലോ, പിസിആര്‍ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം.
അബൂദബിയിലെത്തുന്നവര്‍ നാല് ദിവസമോ അതില്‍ കൂടുതലോ എമിറേറ്റില്‍ തങ്ങിയാല്‍ നാലാം ദിവസം വീണ്ടും പിസിആര്‍ പരിശോധനക്ക് വിധേയമാകണം. എട്ട് ദിവസമോ അതില്‍ കൂടുതലോ അബൂദബിയില്‍ തങ്ങുന്നവര്‍ എട്ടാം ദിവസവും പിസിആര്‍ പരിശോധക്ക് വിധേയമാകണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആര്‍ പരിശോധനക്ക് വിധേയമാവാത്തവരില്‍ നിന്ന് പിഴ ഈടാക്കും. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും, വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരടക്കം അടിയന്തരമേഖലയില്‍ പ്രവര്‍ത്തിക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്.
അബൂദബിയിലേക്ക് പോകുന്ന യുഎഇ സ്വദേശികള്‍, യുഎഇ താമസവിസക്കാര്‍, മറ്റ് എമിറേറ്റുകളില്‍ പോയി മടങ്ങുന്ന അബൂദബിയിലെ വിസക്കാര്‍ എന്നിവര്‍ക്കും ഈ നിബന്ധന ബാധകമാണ്. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.