
ദമാം: സൗദിയില്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പുതിയ നിയമ വ്യവസ്ഥ വരുന്നു. പരിഷ്‌കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചു. പുതിയതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമം അനുസരിച്ചു പദവി ശരിയാക്കുന്നതിന് രണ്ടു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ബഖാലകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലുമുള്ള ബിനാമി ബിസിനസ് അടക്കമുള്ള പ്രവണത അവസാനിപ്പിക്കുകയാണ് ഇതിലൂടെ വാണിജ്യ നിക്ഷേപ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം സ്വന്തമായി ട്രേഡ് മാര്‍ക്കില്ലാത്ത മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഏകീകൃത സ്വഭാവമുള്ള നെയിം ബോര്‍ഡായിരിക്കും.
സ്ഥാപനത്തിന്റെ മുന്‍വശത്തിന്റെ വീതിക്ക് അനുസൃതമായാണ് നെയിം ബോര്‍ഡ് സ്ഥാപിക്കേണ്ടത്. കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ നമ്പറും നെയിം ബോര്‍ഡില്‍ രേഖപ്പെടുത്തണം. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ മുന്‍വശം സുതാര്യമായ ചില്ലുകള്‍കൊണ്ട് നിര്‍മ്മിച്ചതായിരിക്കണം.
ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സുഗമമായി സഞ്ചരിക്കുന്നതിന് മതിയായ സൗകര്യവും സ്ഥാപനങ്ങള്‍ക്കകത്ത് ഉണ്ടായിരിക്കണം. സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയ യൂണിഫോം മുഴുവന്‍ ജീവനക്കാരും ധരിക്കണം. ഭക്ഷ്യവസ്തുക്കളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് യൂണിഫോമില്‍ തൂക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.