ദുബായ്: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഈയിടെ പ്രഖ്യാപിച്ച ഉത്തരവുകള്‍ പ്രാബല്യത്തില്‍ വന്നു. 500 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ ആരോഗ്യസുരക്ഷാ ഓഫിസര്‍ തസ്തികയില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കുക, ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ ഡാറ്റ എന്‍ട്രി തസ്തികകളില്‍ യു.എ.ഇ പൗരന്മാരെ നിയമിക്കുക എന്നീ ഉത്തരവുകള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധന ആരംഭിച്ചു. മനുഷ്യ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന.
500ല്‍ കൂടുതല്‍ ജീവനക്കാരുള്ള നിര്‍മാണ കമ്പനികള്‍ സ്വദേശിയായ ആരോഗ്യസുരക്ഷാ ഓഫിസറെ നിയമിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന ഉത്തരവ് 2016 ജൂലൈ 16നാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് സ്വകാര്യ സ്ഥാപനങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ ഡാറ്റ എന്‍ട്രി തസ്തികകളില്‍ കുറഞ്ഞത് രണ്ട് യു.എ.ഇ പൗരന്മാരെ നിയമിക്കണമെന്നും ജൂലൈ 20 നാണ് മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റിനെ ബാധിക്കുമെന്ന് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അറിയിച്ചിരുന്നു. പ്രമുഖ കമ്പനികളിലെ ഇത്തരം തസ്തികകളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ യു.എ.ഇ പൗരന്മാരുടെ പട്ടിക നല്‍കാന്‍ മന്ത്രാലയം തയാറാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരം സ്ഥാപനങ്ങളിലും പരിശോധന ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.