Currency

വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗത്തിന്റെ പിഴ 150 ശതമാനം കൂട്ടി; ജൂലൈ മുതല്‍ പ്രാബല്ല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, February 12, 2020 10:53 am

ഓസ്ട്രേലിയ: വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിഴ 1,000 ഡോളറാക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിഴ 150 ശതമാനമാണ് കൂട്ടിയത്. നിലവില്‍ സംസ്ഥാനത്ത് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 400 ഡോളറാണ് പിഴ. ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ക്വീന്‍സ്ലാന്റില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 1,000 ഡോളറും നാല് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും കഠിന പിഴ ഈടാക്കിക്കൊണ്ട് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.

ഡ്രൈവ് ചെയ്യുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുക, സന്ദേശങ്ങള്‍ അയക്കുക, ഇമെയില്‍ ചെയ്യുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, വീഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 1,000 ഡോളര്‍ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും. കൂടാതെ ട്രാഫിക് ലൈറ്റുകളില്‍ വച്ച് ഫോണ്‍ കൈകൊണ്ട് തൊട്ടാല്‍ 500 ഡോളര്‍ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാകും ലഭിക്കുക.

കര്‍ശന പിഴ ഈടാക്കുന്നതിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് മന്ത്രി മൈക്കല്‍ റോബെര്‍ട്‌സ് പറഞ്ഞു.

സംസ്ഥാനത്ത് 12,000 ത്തോളം പേരാണ് മൊബൈല്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം പിടിയിലായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച 31 പേര്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x