Currency

പുതുവല്‍സരാഘോഷത്തിന് വര്‍ണ്ണപൊലിമയേകാന്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്

സ്വന്തം ലേഖകന്‍Wednesday, December 26, 2018 5:57 pm

ഷാര്‍ജ: പുതുവല്‍സരാഘോഷത്തിനു വര്‍ണ്ണപൊലിമയേകാന്‍ കരിമരുന്നു പ്രയോഗവുമായി ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്. പത്തു മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനമാണ് അതിഥികള്‍ക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര നൗകകളില്‍ നിന്നാണ് കരിമരുന്ന് പ്രയോഗം നടത്തുക. തുടര്‍ന്ന് ഷാര്‍ജ ഫൗണ്ടന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ടാവും.

അല്‍ നൂര്‍ ദ്വീപ്, അല്‍ ഖസ്ബ, ഫ്‌ലാഗ് ഐലന്‍ഡ്, കോര്‍ണിഷ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ആസ്വദിക്കാവുന്ന വിധത്തിലാണ് അല്‍ മജാസിലെ ദൃശ്യവിരുന്നൊരുക്കുന്നത്. രുചിപ്രേമികളുടെ പ്രിയകേന്ദ്രം കൂടിയായ ഇവിടത്തെ റസ്റ്ററന്റുകളില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിഭവങ്ങളുമുണ്ടാവും. മാനത്തെ വര്‍ണ്ണവിസ്മയം ആസ്വദിച്ച് കൊണ്ട് രുചിയാസ്വദിക്കാനുള്ള ബാല്‍ക്കണി സൗകര്യവുമുണ്ട്.

കഴിഞ്ഞ വര്‍ഷം അല്‍ മജാസിലെ പുതുവര്‍ഷാഘോഷം ആസ്വദിക്കാന്‍ യുഎഇയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെത്തിയിരുന്നു. അതിനേക്കാള്‍ മികച്ച കാഴ്ചകളാണ് ഇത്തവണ ഒരുക്കുന്നതെന്ന് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറയുന്നു. കുടുംബസമേതം ആഘോഷിക്കാന്‍ വേണ്ട സൗകര്യങ്ങളുള്ളതിനാല്‍ ദുബായ്, അജ്മാന്‍ എന്നീ സമീപ എമിറേറ്റുകളില്‍ നിന്നെല്ലാം മലയാളികളടക്കമുള്ള കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷം പുതുവര്‍ഷമാഘോഷിക്കാന്‍ അല്‍ മജാസിലെത്തിയിരുന്നു.

യുഎഇയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നായ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ ശൈത്യകാല ആഘോഷവും നടക്കുന്നുണ്ട്. ജനുവരി പതിനഞ്ചു വരെ നീണ്ടു നില്‍ക്കുന്ന പ്രത്യേക ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പ്രദര്‍ശനങ്ങളും മത്സരങ്ങളുമുണ്ട്. ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റസ്റ്ററന്റുകളിലെ ബാല്‍ക്കണി വ്യൂ, പാര്‍ക്കിങ് എന്നിവയെല്ലാം നേരത്തെ ഉറപ്പിക്കാം. നമ്പര്‍- 065 511 7011.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x