Currency

എ.ടി.എമ്മില്‍ പണം തീര്‍ന്നതിനാല്‍ ചില്ലറയില്ലാതെ ജനങ്ങള്‍; പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍Sunday, November 20, 2016 2:15 pm

എ.ടി.എം. കേന്ദ്രങ്ങളില്‍ 2000 രൂപ നോട്ടുകള്‍ക്കായുള്ള ക്രമീകരണം പൂര്‍ത്തിയായതിനാല്‍ പലര്‍ക്കും കേന്ദ്രങ്ങള്‍ വഴി പണം ലഭിച്ചു. എന്നാല്‍ ചില്ലറ ലഭിച്ചില്ല.

ബംഗളൂരു: നഗരത്തിലെ എ.ടി.എം. കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും പണം വേഗത്തില്‍ തീര്‍ന്നു. പല എ.ടി.എം. കേന്ദ്രങ്ങളിലും 2000 രൂപയുടെ നോട്ടുകളാണ് എത്തിയത്. അതിനാല്‍ ചില്ലറയില്ലാതെ കൂടുതല്‍ പേര്‍ ദുരിതത്തിലായി. പല ബാങ്കുകളിലും 100 രൂപ നോട്ടുകള്‍ തീര്‍ന്നത് പ്രതിസന്ധിയായി. ചെക്ക് നല്‍കി പണം വാങ്ങാന്‍ കൂടുതല്‍ പേര്‍ എത്തി. എ.ടി.എം. കേന്ദ്രങ്ങളില്‍ 2000 രൂപ നോട്ടുകള്‍ക്കായുള്ള ക്രമീകരണം പൂര്‍ത്തിയായതിനാല്‍ പലര്‍ക്കും കേന്ദ്രങ്ങള്‍ വഴി പണം ലഭിച്ചു. എന്നാല്‍ ചില്ലറ ലഭിച്ചില്ല. പണം വേഗത്തില്‍ തീരുകയും ചെയ്തു. പത്തു ദിവസം കഴിഞ്ഞിട്ടും ദുരിതങ്ങള്‍ കുറഞ്ഞില്ല.

പ്രതിസന്ധി ഘട്ടങ്ങളില്‍ അവധിയെടുക്കാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റിയ ബാങ്ക് ജീവനക്കാരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പൂച്ചെണ്ട് നല്‍കിയാണ് ബാങ്ക് ജീവനക്കാരെ അനുമോദിച്ചത്. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിക്കുന്നതിന് ആര്‍.ബി.ഐ. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ അംബരിഷ് നോട്ടുകള്‍ അസാധുവാക്കിയതിനെ അനുകൂലിച്ചു.

ആവശ്യത്തിനുള്ള തയ്യാറെടുപ്പുകള്‍ എടുക്കാതെ 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി കര്‍ണാടക യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. മൗര്യ സര്‍ക്കിളിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിരോധനം വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് സമാജ്വാദി പാര്‍ട്ടി കര്‍ണാടക പ്രസിഡന്റ് പറഞ്ഞു. റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കാനും പണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x