
ഷാര്‍ജ: ഷാര്‍ജയില്‍ അവധി ദിനങ്ങളിലും ആഘോഷ ദിനങ്ങളിലും അനുവദിച്ച സൗജന്യ വാഹന പാര്‍ക്കിങ് നിര്‍ത്തലാക്കും. ഇനി മുതല്‍ തിരക്കേറിയ പ്രധാന കേന്ദ്രങ്ങളില്‍ അവധി ദിനങ്ങളിലും പാര്‍ക്കിങ്ങ് ഫീസ് നല്‍കേണ്ടി വരും. ഷാര്‍ജയിലെ പ്രധാന വിനോദ-കച്ചവട മേഖലകളായ അല്‍ മജാസ്, അല്‍ ജുബൈല്‍, അല്‍ ശുവാഹൈന്‍ തുടങ്ങിയ പ്രദേശങ്ങളാണ് സ്ഥിരം പെയ്ഡ് പാര്‍ക്കിങ് മേഖലകളായി മാറുക.
അതേസമയം സൗജന്യ പാര്‍ക്കിങ് നിറുത്താലാക്കിയിട്ടുള്ള ഭാഗങ്ങളിലെല്ലാം പാര്‍ക്കിങുമായി ബന്ധപ്പെട്ട ബോര്‍ഡുകളിലും നഗരസഭ മാറ്റങ്ങള്‍ വരുത്തി പരസ്യപ്പെടുത്തിയതായി പബ്ലിക് പാര്‍ക്കിങ് വകുപ്പ് ഡയറക്ടര്‍ അലി ബുഗസന് പറഞ്ഞു. അവധി ദിനങ്ങള്‍ പ്രമാണിച്ച് അനുവദിക്കുന്ന സൗജന്യ പാര്‍ക്കിങ് മുതലാക്കി പലരും ദിവസങ്ങളോളം വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സാഹചര്യം നിലനിന്നിരുന്നു. ഇതിനെതിരെ പരാതികള്‍ കൂടി ലഭിച്ചത് മുന്‍നിര്‍ത്തിയാണ് നടപടി.
വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും സമീപത്തെ ബോര്‍ഡ് വായിച്ച് നോക്കാതെ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.