Currency

യുഎഇയിൽ അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച നിയമത്തിലെ പ്രധാന ഭേദഗതികൾ

സ്വന്തം ലേഖകൻWednesday, October 26, 2016 9:21 am

രാജ്യത്തെ ശിക്ഷാരീതികളിൽ ചില ഭേദഗതികൾ വരുത്തിയിരിക്കുകയാണ് യുഎഇ. അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച നിയമത്തിലെ പ്രധാന ഭേദഗതികൾ എന്തൊക്കെയാണെന്ന് നോക്കാം...

സമൂഹത്തിൽ നിന്നും കുറ്റകൃത്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഒരു രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നത്. എന്നാൽ ഇതാകട്ടെ ചില സമയങ്ങൾ ചെറിയ തെറ്റു ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഒരാളെ വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ ഒരു കാരണമായും മാറിയേക്കും. തിന്മയിൽ നിന്നും അവരെ നന്മയിലേക്ക് കൊണ്ട് വരാൻ കഴിയാത്ത ശിക്ഷാരീതികൾ ഒരുതരത്തിൽ പരാജയം തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം മുൻ നിർത്തി രാജ്യത്തെ ശിക്ഷാരീതികളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് യുഎഇ. അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പരിഷ്കരിച്ച നിയമത്തിലെ പ്രധാന ഭേദഗതികൾ എന്തൊക്കെയാണെന്ന് നോക്കാം…

ചെറിയ കുറ്റങ്ങൾക്ക് തടവിശിക്ഷയില്ല

ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയ്ക്ക് നിർബന്ധിത സാമൂഹ്യസേവനത്തിൽ ഏർപ്പെടേണ്ടി വരും. തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക പോലെയുള്ള സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക ഉള്‍പ്പെടെയുള്ള കാര്യങ്ങളാകും ഇവർ ചെയ്യേണ്ടിവരിക. നേരത്തെ ആറ് മാസം തടവും പിഴയും ലഭിച്ചിരുന്ന ശിക്ഷകള്‍ക്കാണ് പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യസേവനം ചെയ്യേണ്ടിവരിക.  കുറ്റം ചെയ്തവരുടെ ഈ നിര്‍ബന്ധിത സമൂഹ്യസേവനം പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തി തൃപ്തികരമല്ലെന്ന് കണ്ടാല്‍, കോടതി കുറ്റക്കാരെ തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുന്നതുമായിരിക്കും. 2009ല്‍ സമാനമായ രീതിയില്‍ 20 ഓളം കുറ്റങ്ങള്‍ക്ക് ഈ രീതി നടപ്പിലാക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ വിപുലീകരണമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

രാജ്യദോഹത്തിന് വധശിക്ഷ

ശത്രുസൈന്യമായോ ഏജന്‍സികളുമായോ ചേര്‍ന്ന് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വധശിക്ഷ തന്നെ പുതിയ നിയമം അനുശാസിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനെതിരെ പ്രവർത്തിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയരാക്കും. ഏതെങ്കിലും ഒരു വിദേശരാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ട്, ആ രാജ്യവും യുഎഇയുമായുള്ള നയതന്ത്രബന്ധത്തെ തകിടം മറിക്കാൻ ഇടയാക്കിയാൽ  ജീവപര്യന്തം ശിക്ഷയും നൽകുന്നതായിരിക്കും. യുഎഇ പ്രസിഡന്റിനെ അപമാനിച്ചാല്‍ 15 മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. രാജ്യവിരുദ്ധ നിലപാടെടുക്കുന്ന സംഘടനകളെ വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ പിന്തുണച്ചാല്‍ 15 മുതല്‍ 25 വരെ വര്‍ഷം തടവ് ശിക്ഷ നൽകും. മതവിരുദ്ധ നിലപാടിന് പത്ത് വർഷത്തെ തടവുശിക്ഷയും പുതിയ നിയമം അനുശാസിക്കുന്നു.

ദേശീയതയെ അപമാനിച്ചാൽ

ദേശീയപതാകയെയോ, ദേശീയ പ്രതീകങ്ങളെയോ നേതാക്കളെയോ സ്ഥാനങ്ങളെയോ അപമാനിച്ചാല്‍ 10 മുതല്‍ 25 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ വിധിക്കുന്നതാണ്.

പോൺസിനിമകൾ നിർമ്മിക്കുക, വിൽക്കുക, വാങ്ങുക, കൈവശം വെക്കുക എന്നിവയ്ക്ക്

പോണ്‍സിനിമകള്‍ നിര്‍മ്മിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും അയ്യായിരം ദിര്‍ഹം പിഴയോ ലഭിക്കും. രണ്ട് ശിക്ഷയും ഒരുമിച്ചും ലഭിക്കാം.

ചൂതാട്ടത്തിന്

ചൂതാട്ടത്തിന് രണ്ട് വര്‍ഷം തടവോ 50000 ദിര്‍ഹം പിഴയുമാണ് പുതിയ ശിക്ഷ. പൊതുസ്ഥലത്തോ, ചൂതാട്ട കേന്ദ്രത്തിലോ വെച്ചാണ് ചൂതാട്ടത്തിൽ ഏർപ്പെടുന്നതെങ്കിൽ മൂന്ന് വര്‍ഷം തടവും 50000 ദിര്‍ഹം പിഴയും വിധിക്കും.

വേശ്യാവൃത്തി

വേശ്യാവൃത്തിയിൽ ഏർപ്പെടുകയോ വേശ്യാലയങ്ങൾ നടത്തുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും തടവിശിക്ഷയും ലഭിക്കും. തടവുശിക്ഷാകാലവധി അതാത് കോടതികൾക്ക് തീരുമാനിക്കാം.

വ്യക്തിഹത്യയ്ക്ക് 

വ്യക്തിഹത്യയ്ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ 10000 ദിര്‍ഹം വരെ പിഴശിക്ഷയോ വിധിക്കും. അപമാനിക്കുന്നത് സർക്കാർ ജീവനക്കാരനെ ആണെങ്കിൽ രണ്ട് വര്‍ഷം തടവും 20000 ദിര്‍ഹം പിഴയും വിധിക്കും.

വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചാൽ

വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിക്കുക, അവയ്ക്ക് നേരായ പരിചരണം നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 5000 ദിര്‍ഹം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.

നിരോധിത മേഖലയിൽ അതിക്രമിച്ചുകടന്നാൽ

നിരോധിത മേഖലയിൽ അതിക്രമിച്ച് കടക്കുന്ന കുറ്റത്തിന് ഒരു വര്‍ഷം തടവോ 5000 ദിര്‍ഹം പിഴയോ ശിക്ഷ ലഭിക്കും.

ബില്ല് അടക്കാതിരിക്കുന്നതിന്

ഹോട്ടല്‍ ബില്ല് അടയ്ക്കാതിരിക്കുക, റെന്റല്‍ കാറിന് വാടക കൊടുക്കാതിരിക്കുക, റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറ് മാസം വരെ തടവോ, 5000 ദിര്‍ഹം വരെ പിഴയോ, രണ്ടും ചേര്‍ന്നോ ശിക്ഷ അനുഭവിക്കേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x