
ദുബായ്: ദുബായ് പൊലീസ് സ്റ്റേഷനുകളില്‍ കുറ്റാരോപിതരുടെ പാസ്പോര്ട്ടുകള് പിടിച്ചുവെക്കാതെ തന്നെ ഇനിമുതല്‍ ജാമ്യം ലഭിക്കും. മാത്രമല്ല ഏഴു മിനിറ്റിനുള്ളില്‍ ജാമ്യം ലഭിക്കുകയും ചെയ്യും. ഇതിനായി ദുബായ് പബ്ലിക്ക് പ്രോസിക്യൂഷന്റെ ‘സ്മാര്‍ട്ട് ബെയില്‍’ എന്ന സംവിധാനം നിലവില്‍ വന്നു. ജാമ്യം നല്‍കാമെന്ന് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചാല്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കാതെ തന്നെ ജാമ്യം അനുവദിക്കും.
എന്നാല്‍ പ്രതിക്ക് രാജ്യം വിട്ടുപോകാന്‍ സാധിക്കില്ല. എല്ലാ എമിേഗ്രഷന്‍ പോയിന്റുകളിലും ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ ഉണ്ടാകും. പരീക്ഷണാര്‍ഥം കഴിഞ്ഞ ഫെബ്രുവരി തൊട്ട് ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ സ്മാര്‍ട്ട് ബെയില്‍ നടപ്പാക്കിയിരുന്നു. ലോകത്തിലാദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാകുന്നത്.
പാസ്പോര്‍ട്ട് കൈയിലുള്ള കുറ്റാരോപിതന് ജോലിതുടരാനും സാമ്പത്തികബാധ്യതകള്‍ ഉണ്ടെങ്കില്‍ തീര്‍ക്കാനും മറ്റു സര്‍ക്കാര്‍ നടപടികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല. വിസ പുതുക്കാനും കുടുംബത്തിന്റെ വിസ, ട്രേഡ് ലൈസന്‍സ് എന്നിവ പുതുക്കാനും എന്നുവേണ്ട പാസ്പോര്‍ട്ട് ആവശ്യമുള്ള എല്ലാസേവനങ്ങളും തടസ്സങ്ങളില്ലാതെ നടത്താം. എന്നാല്‍ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചാല്‍ മാത്രമേ യാത്രാനിരോധനം നീങ്ങി ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ സാധിക്കുകയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.