
അബൂദബി: അബൂദബിയില്‍ ജനുവരി രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന റോഡ് ചുങ്കത്തില്‍ ഇളവ് പ്രഖ്യാപിച്ച് അധികൃതര്‍. തിരക്കു കുറഞ്ഞ സമയത്ത് ചുങ്കം നല്‍കാതെ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള അനുമതിയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചകളിലും ചുങ്കം ഈടാക്കില്ല.
കാലത്തും വൈകീട്ടും തിരക്കേറിയ സമയത്തു മാത്രമായിരിക്കും റോഡ് ചുങ്കം ഈടാക്കുക. അബുദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പും അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററും സംയുക്തമായാണ് പുതിയ തീരുമാനം വെളിപ്പെടുത്തിയത്.
കാലത്ത് 7 മണി മുതല്‍ 9:00 വരെയും വൈകീട്ട് 05:00 മുതല്‍ 07:00 വരെയും അബൂദബി നഗരത്തിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗങ്ങളിലാണ് ചുങ്കം നല്‍കേണ്ടത്. ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോള്‍ ഗേറ്റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് ദിര്‍ഹം വീതമായിരിക്കും ടോള്‍നിരക്ക്. ഒരു ദിവസം ഒരു വാഹനത്തിന് പരമാവധി നല്‍കേണ്ടി വരിക 16 ദിര്‍ഹം ആയിരിക്കും. വെള്ളിയാഴ്ചക്കു പുറമെ ഔദ്യോഗിക അവധി ദിവസങ്ങളിലും ടോള്‍ നല്‍കേണ്ടതില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.